ഇന്ത്യ പൊരുതി തോറ്റു; ന്യൂസിലാന്‍ഡിന് നാല് റണ്‍സ് ജയം; പരമ്പര

ഹാമില്‍ട്ടന്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20യില്‍ 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യ പൊരുതി തോറ്റു. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്കും ക്രുനാള്‍ പാണ്ഡ്യയും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനും ഇന്ത്യയെ രക്ഷിക്കാനായില്ല. അവസാനനിമിഷം വരെ പൊരുതിയ ഇന്ത്യയെ നാല് റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ് 2-1ന് പരമ്പര സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സിക്‌സും ഫോറുമായി മുന്നേറുകയായിരുന്ന ദിനേശ് കാര്‍ത്തിക്കിനേയും ക്രുണാല്‍ പാണ്ഡ്യയേയും അവസാന ഓവറില്‍ പിടിച്ചുനിര്‍ത്തിയ ടിം സൗത്തിയാണ് കിവീസിന് വിജയം സമ്മാനിച്ചത്.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (നാലു പന്തില്‍ അഞ്ച്), വിജയ് ശങ്കര്‍ (28 പന്തില്‍ 43), ഋഷഭ് പന്ത് (12 പന്തില്‍ 28), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (32 പന്തില്‍ 38), ഹാര്‍ദിക് പാണ്ഡ്യ (11 പന്തില്‍ 21), എം.എസ്. ധോണി (നാലു പന്തില്‍ രണ്ട്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ന്യൂസീലന്‍ഡിനായി മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ രണ്ടും സ്‌കോട്ട് കുഗ്ഗെലെയ്ന്‍, ബ്ലെയര്‍ ടിക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സ്‌കോര്‍ബോര്‍ഡില്‍ ആറു റണ്‍സ് മാത്രമുള്ളപ്പോള്‍ ധവാന്‍ പുറത്തായശേഷം രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രോഹിത് ശര്‍മ –- വിജയ് ശങ്കര്‍ സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. 50 പന്തില്‍ ഇരുവരും 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ ആദ്യ ഓവറില്‍ത്തന്നെ സ്പിന്‍ കെണിയൊരുക്കിയാണ് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ വരവേറ്റത്. മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ ആദ്യ ഓവറിന്റെ മൂന്നാം പന്ത് ബൗണ്ടറി കടത്തിയ ധവാന്‍ ട്രാക്കിലാണെന്നു തോന്നിച്ചെങ്കിലും വെറുതെയായി. ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറിക്കരികെ ഡാരില്‍ മിച്ചലിനു ക്യാച്ച് സമ്മാനിച്ച് പുറത്ത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് മാത്രം. ഇന്ത്യ മറ്റൊരു കൂട്ടത്തകര്‍ച്ചയിലേക്കെന്ന് കരുതിയിരിക്കെ, രോഹിത്തിന് കൂട്ടായി എത്തിയത് വിജയ് ശങ്കര്‍. പതുക്ക കളം പിടിച്ച ഇരുവരും പിന്നീട് ഗിയര്‍ മാറ്റിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സെത്തി. ആദ്യ ഓവറിന്റെ അവസാന പന്തു മുതല്‍ ഒന്‍പതാം ഓവര്‍ വരെ 50 പന്തുകള്‍ ക്രീസില്‍നിന്ന സഖ്യം 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സാന്റ്‌നറിനെ ഗാലറിയിലെത്തിക്കാനുള്ള ശ്രമത്തില്‍ ഗ്രാന്‍ഡ്‌ഹോമിന് ക്യാച്ച് സമ്മാനിച്ച് വിജയ് ശങ്കര്‍ പുറത്തായി. 28 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 43 റണ്‍സായിരുന്നു സമ്പാദ്യം.

തുടര്‍ന്നെത്തിയ പന്ത് നേരിട്ട ആദ്യ പന്തില്‍ത്തന്നെ ബൗണ്ടറി നേടി ലക്ഷ്യം വ്യക്തമാക്കി. അടുത്ത പന്ത് നേരെ ഗാലറിയില്‍. ഇതേ ആവേശം ക്രീസില്‍ തുടര്‍ന്നിടത്തോളം നേരം കാത്തുസൂക്ഷിച്ച പന്ത്, 12 പന്തില്‍ 28 റണ്‍സെടുത്താണ് മടങ്ങിയത്. ഇതിനിടെ നേടിയത് ഒരു ബൗണ്ടറിയും മൂന്നു പടുകൂറ്റന്‍ സിക്‌സും. ഒടുവില്‍ ബ്ലെയര്‍ ടിക്‌നറിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് വില്യംസന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തേക്ക്. മൂന്നാം വിക്കറ്റില്‍ രോഹിത്–പന്ത് സഖ്യം കൂട്ടിച്ചേര്‍ത്തത് 40 റണ്‍സ്. അതും വെറും 23 പന്തില്‍.

പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യ ആദ്യ പന്തു തന്നെ ഗാലറിയിലെത്തിച്ചാണ് തുടങ്ങിയത്. ഒരറ്റത്ത് ഹാര്‍ദിക് തകര്‍ത്തടിക്കുന്നതിനിടെ ഡാരില്‍ മിച്ചലിന്റെ വൈഡ് പന്തിന് ബാറ്റുവച്ച് രോഹിത് പുറത്തായി. 32 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 38 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. എന്നാല്‍ തൊട്ടുപിന്നാലെ സ്‌കോര്‍ 145ല്‍ നില്‍ക്കെ ഹാര്‍ദിക് പാണ്ഡ്യ, മഹേന്ദ്രസിങ് ധോണി എന്നിവര്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 11 പന്തില്‍ 21 റണ്‍സെടുത്ത പാണ്ഡ്യയെ കുഗ്ഗെലെയ്‌നും ധോണിയെ ഡാരില്‍ മിച്ചലുമാണ് പുറത്താക്കിയത്.

pathram:
Related Post
Leave a Comment