എംഎല്‍എയുടെ കൊലപാതകം; ബിജെപിയെ ഞെട്ടിച്ച് മുകള്‍ റോയിയെ പ്രതിചേര്‍ത്ത് പൊലീസ്

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കൊലപാതകക്കേസില്‍ നിര്‍ണായക രാഷ്ട്രീയനീക്കങ്ങളെന്ന് സൂചന. കേസില്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍ എംപി കൂടിയായ മുകുള്‍ റോയിയെ പോലീസ് പ്രതിചേര്‍ത്തു. കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിന് പിന്നാലെയാണ് മുകുള്‍ റോയിക്കെതിരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

ശനിയാഴ്ച രാത്രിയാണ് തൃണമൂല്‍ എം.എല്‍.എ. സത്യജിത് ബിശ്വാസ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ജയ്പാല്‍ഗുഡി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. പോയിന്റ് ബ്ലാങ്കില്‍നിന്നാണ് അക്രമി അദ്ദേഹത്തിനെതിരെ നിരവധിതവണ നിറയൊഴിച്ചത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സത്യജിത് ബിശ്വാസിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനിടെയാണ് തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം അരങ്ങേറിയത്. ഇതിനുപിന്നാലെ ബി.ജെ.പിക്കെതിരേ തൃണമൂല്‍ ആരോപണം ഉന്നയിച്ചതും വലിയ വാര്‍ത്തയായി. എന്നാല്‍ തൃണമൂലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. പക്ഷേ, സംഭവംനടന്ന് മണിക്കൂറുകള്‍ക്കകം മുകുള്‍റോയിയെ പ്രതിചേര്‍ത്തതോടെ അക്ഷരാര്‍ഥത്തില്‍ ബി.ജെ.പി. നേതൃത്വം ഞെട്ടി. കൊലപാതകക്കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുകുള്‍ റോയിയെയും പോലീസ് കേസില്‍ പ്രതിചേര്‍ത്തത്.

ഏറെ വിവാദമായ ശാരദ ചിട്ടിഫണ്ട് കേസില്‍ മുകുള്‍ റോയിയും നേരത്തെ പ്രതിയായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അന്വേഷണം നിലച്ചസ്ഥിതിയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരേയും ബി.ജെ.പിക്കെതിരേയും വിമര്‍ശനമുന്നയിച്ചിരുന്നത്. മുകുള്‍ റോയിയെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്തതോടെ ബംഗാള്‍ സര്‍ക്കാരും ബി.ജെ.പിയും തമ്മില്‍ പുതിയ പോര്‍മുഖം തുറക്കുകയാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം ബംഗാള്‍ പോലീസിന്റെ നടപടിയെക്കുറിച്ച് ബി.ജെ.പി. നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

pathram:
Related Post
Leave a Comment