കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീ സമത്വംവും നവോത്ഥാനവും നടപ്പാക്കുമ്പോഴും നമുക്കു ജാതിയില്ലെന്ന വിളംബര ഘോഷയാത്ര നടത്തുകയും ചെയ്ത സിപിഎം കണ്ണൂരില്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ജാതി വേര്‍തിരിവിന്റെയും സ്ത്രീ വിവേചനത്തിന്റെയും വേദിയാണ് കണ്ണൂരില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള ക്ഷേത്രോത്സവങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ നിരവധി ക്ഷേത്രങ്ങളില്‍ ആചാരം സംരക്ഷിച്ച് ഉത്സവ നടത്തിപ്പിനു നേതൃത്വം നല്‍കേണ്ട അവസ്ഥയാണ് പാര്‍ട്ടിക്ക്.
കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നെളളിപ്പുമായി ബന്ധപ്പെട്ട് അയിത്താരോപണ വിവാദം നിലനില്‍ക്കെ ക്ഷേത്ര സമിതി തീയ്യ സമുദായാംഗങ്ങളുടെ വീടുകളില്‍ മാത്രം കഴിഞ്ഞ ദിവസം എഴുന്നള്ളിപ്പു നടത്തിയിരിക്കുകയാണ്. എല്ലാ സമുദായക്കാരുടെയും വീടുകളില്‍ വെളിച്ചപ്പാടിന്റെ നേതൃത്വത്തില്‍ തിരുവായുധം എഴുന്നെളളിപ്പ് നടത്തുമ്പോള്‍ ദളിത് വിഭാഗക്കാരുടെ വീടുകളില്‍ എഴുന്നള്ളത്ത് നടത്താറുണ്ടായിരുന്നില്ല.
ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നു. കലക്ടര്‍ വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളില്‍ സമയവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, സന്ദര്‍ശനം തീയ്യ വിഭാഗക്കാരുടെ വീടുകളില്‍ മാത്രമൊതുക്കിയാണു സി.പി.എം നിയന്ത്രണത്തിലുളള ക്ഷേത്രസമിതി പ്രശ്‌നത്തില്‍നിന്നു തലയൂരാന്‍ ശ്രമിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ അയിത്തം ആചരിച്ചതിനു ക്ഷേത്രസമിതിക്കെതിരേ കോടതിയില്‍ കേസുണ്ട്. ജില്ലയില്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആരാധാനാലയങ്ങളില്‍ ആചാരവും വിശ്വാസവും പാലിച്ചും അനുസരിച്ചും സ്ത്രീകള്‍ക്കും വിലക്കുണ്ട്. പാര്‍ട്ടി ഗ്രാമമായ കീച്ചേരി പാലോട്ടു കാവ് അടക്കം ഇത്തരത്തിലുള്ള ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കാനിരിക്കുകയാണ്. ആചാരം ലംഘിച്ച് വരുന്ന സ്ത്രീകളെ തടയില്ലെന്നു ക്ഷേത്രകമ്മറ്റികള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി ഗ്രാമത്തില്‍ അതിനാരും ധൈര്യപ്പെടില്ലെന്ന വിശ്വാസവും ഭരണസമിതികള്‍ക്കുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അടിത്തറശക്തമാക്കുന്നതു തടയാനാണു കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയിലെ കാവുകളിലടക്കം സി.പി.എം. ഇടപെടല്‍ ശക്തമാക്കിയത്. അഴീക്കല്‍ പാമ്പാടി ക്ഷേത്ര വിഷയത്തില്‍ ക്ഷേത്ര ഭരണസമിതിയെ ന്യായീകരിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.
എന്നാല്‍, ക്ഷേത്രത്തിലെ ആചാരമാണ് നടപ്പാക്കുന്നതെന്നാണ് ഭരണസമിതിയുടെ വിശദീകരണം. പാമ്പാടി ക്ഷേത്രത്തില്‍ അയിത്തം നിലനില്‍ക്കുന്നുവെന്ന പരാതിയില്‍ 2015 ല്‍ ക്ഷേത്രഭാരവാഹികള്‍ക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. ദളിത് സമുദായാംഗങ്ങളുടെ വീടുകളില്‍ തിരുവായുധ എഴുന്നള്ളത്ത് നടത്താതിരിക്കുന്നതിന് 1915 ലെ നിശ്ചയരേഖയാണ് ന്യായീകരണമായി ക്ഷേത്ര ഭരണസമിതി എടുത്തുകാട്ടുന്നത്. 2015 മുതല്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. കേരള സ്‌റ്റേറ്റ് പട്ടിക ജനസമാജം എന്ന സംഘടന ക്ഷേത്രവിശ്വാസികളായ ദളിത് സമുദായങ്ങളുടെ വീട്ടിലും വാളെഴുന്നള്ളിപ്പ് കയറണം എന്നാവശ്യപ്പെട്ടു ക്ഷേത്ര ഭരണ സമിതിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍, ഭരണസമിതി ഇത് അംഗീകരിച്ചില്ല.
ഹിന്ദുവിഭാഗത്തിലെ എട്ടു ജാതികളില്‍ പെട്ടവരാണ് പ്രദേശത്ത് താമസിക്കുന്നത്. മറ്റെല്ലാ വിഭാഗക്കാരുടേയും വീടുകളില്‍ കയറുമ്പോള്‍ പുലയ വിഭാഗത്തെ മാത്രം അവഗണിക്കുന്നതായിരുന്നു പ്രശ്‌നം. ക്ഷേത്രം തീയ സമുദായക്കാരായ കുടുംബങ്ങളുടെതാണ്. ക്ഷേത്രത്തിന്റെ അധികാരമുള്ള പ്രാദേശിക ജനകീയ സമിതിയിലും തീയ്യകുടുംബങ്ങള്‍ മാത്രമേയുള്ളൂ. ക്ഷേത്രത്തില്‍ ആര്‍ക്കും ഏത് സമയത്തും ആരാധന നടത്താനുള്ള അവകാശമുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.
തീയ്യ വിഭാഗത്തിനു പുറമെ മറ്റു നാലു സമുദായക്കാരുടെ വീടുകളില്‍ എഴുന്നള്ളിപ്പു പോവുന്നതിന് അടിസ്ഥാന കാരണമുണ്ടെന്നാണ് ഭാരവാഹികള്‍ പറയുന്നത്. കൊല്ലന്‍ സമുദായത്തില്‍പ്പെട്ടയാളാണ് ക്ഷേത്രത്തിലെ ആയുധങ്ങള്‍ മിനുക്കേണ്ടത്. തട്ടാന്‍ സമുദായക്കാരാണ് ആഭരണങ്ങളില്‍ മിനുക്ക് പണി നടത്തുന്നത്. വിശ്വകര്‍മ്മ സമുദായത്തില്‍പെട്ടവരാണ് ആശാരിപ്പണികള്‍ ചെയേ്േണ്ടത്. വെളിച്ചപ്പാടിനു ചൂടേണ്ട ഓലക്കുടകള്‍ നിര്‍മ്മിച്ച് നല്‍കേണ്ട അവകാശം കാവുതീയ സമുദായക്കാരാണ്. അതുകൊണ്ടാണ് ഈ വിഭാഗക്കാരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Leave a Comment