നാഗ്പുര്‍: തുടര്‍ച്ചയായ രണ്ടാം തവണയും വിദര്‍ഭ രഞ്ജി കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ വെറും 127 റണ്‍സിനാണ് ഉമേഷ് യാദവും സംഘവും എറിഞ്ഞിട്ടത്. 78 റണ്‍സിനായിരുന്നു വിദര്‍ഭയുടെ വിജയം.
സ്‌കോര്‍: വിദര്‍ഭ 312 – 200, സൗരാഷ്ട്ര 307 – 127
രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയാണ് വിദര്‍ഭയ്ക്ക് ജയമൊരുക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ആദിത്യ സര്‍വാതെ, രണ്ടാം ഇന്നിങ്‌സില്‍ ആറുപേരെ പുറത്താക്കി. സര്‍വാതെ തന്നെയാണ് കളിയിലെ താരം. സൗരാഷ്ട്രയുടെ മൂന്നാം രഞ്ജി ഫൈനല്‍ തോല്‍വിയാണിത്. നേരത്തെ 2013ലും 2016ലും സൗരാഷ്ട്ര ഫൈനലില്‍ പരാജയപ്പെട്ടിട്ടുണ്ട്.
നേരത്തെ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സ് ചേര്‍ക്കുമ്പോഴേയ്ക്കും അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു. 52 റണ്‍സെടുത്ത വിശ്വരാജസിന്‍ഹ ജഡേജയ്ക്ക് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചുനില്‍ക്കാനായത്. ചേതേശ്വര്‍ പൂജാര അക്കൗണ്ട് തുറക്കും മുന്‍പേ പുറത്തായത് സൗരാഷ്ട്രയ്ക്ക് തിരിച്ചടിയായി.
നേരത്തെ ബാറ്റിങ്ങിലും കരുത്തുകാട്ടിയ ആദിത്യ സര്‍വാതെയാണ് രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 200 റണ്‍സിന് പുറത്തായ വിദര്‍ഭയ്ക്കായി സര്‍വാതെ 133 പന്തുകളില്‍ നിന്ന് 49 റണ്‍സെടുത്തിരുന്നു. സര്‍വാതെ തന്നെയായിരുന്നു വിദര്‍ഭയുടെ രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍.
Leave a Comment