‘മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്’ ടീം വീണ്ടും ഒന്നിച്ചു. അന്ന് ചേട്ടനുവേണ്ടി ഒന്നിച്ചവര്‍ ഇന്ന് ഒന്നിക്കുന്നത് അനിയന് വേണ്ടിയാണ് എന്നതാണ് ഒരു പ്രത്യേകത. മലയാളസിനിമയ്ക്ക് അഞ്ച് പുതുമുഖതാരങ്ങളെയും ഒരു നവാഗത സംവിധായകനെയും സമ്മാനിച്ച ചിത്രമായിരുന്നു 2010 ല്‍ പുറത്തിറങ്ങിയ ‘മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്’. സ്വന്തമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച് വിനീത് ശ്രീനിവാസന്‍ സ്വതന്ത്ര സംവിധായകനായി വെള്ളിത്തിരയിലേക്ക് കയറി വന്നപ്പോള്‍ നിവിന്‍ പോളി, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത്, അജു വര്‍ഗ്ഗീസ് എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാരെ കൂടെ മലയാള സിനിമയിലേക്ക് കൈപ്പിടിച്ചു കയറ്റുകയായിരുന്നു. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലര്‍വാടിയിലെ ആ പഴയ കൂട്ടുകാര്‍ വീണ്ടുമൊന്നിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്റെ ‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍. ചേട്ടന്റെ ചിത്രത്തിലൂടെ തങ്ങളുടെ അരങ്ങേറ്റം കുറിച്ചവര്‍ അനിയന്റെ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. ധ്യാനിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’.
നിവിന്‍, അജു വര്‍ഗ്ഗീസ്, ഹരികൃഷ്ണന്‍, ഭഗത് എന്നിവര്‍ ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ശ്രാവണ്‍ ഇല്ല, അധികം വൈകാതെ ശ്രാവണും ഞങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്. ഉത്തര മലബാറിലെ ഒരു നാട്ടിന്‍പ്പുറത്തുള്ള മലര്‍വാടി എന്ന ആര്‍ട്‌സ് ക്ലബ്ബിന്റെയും അതിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെയും സുഹൃദ്ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്’.
നിവിന്‍ പോളിയും നയന്‍താരയുമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസനും പാര്‍വ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളിയായെത്തുമ്പോള്‍ ശോഭയായാണ് നയന്‍താര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലര്‍വാടി താരങ്ങള്‍ക്കൊപ്പം ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് നയന്‍താര വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ആയിരുന്നു നയന്‍താരയുടെ അവസാന മലയാള ചിത്രം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കും
Leave a Comment