ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാംവട്ട കൂടിക്കാഴ്ച്ച വിയറ്റ്‌നാമില്‍

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ രണ്ടാംവട്ട കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു. ഈ മാസം 27,28 തീയതികളില്‍ വിയറ്റ്‌നാമിലാണ് കൂടിക്കാഴ്ച. രണ്ടാം ഉച്ചകോടിയുടെ വിവരം ട്രംപ് യുഎസ് കോണ്‍ഗ്രസിലാണു പ്രഖ്യാപിച്ചത്.
വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലോ തീരദേശ ടൂറിസം നഗരമായ ഡാ നാങ്ങിലോ ആയിരിക്കും ഉച്ചകോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസിനും ഉത്തരകൊറിയയ്ക്കും നയതന്ത്ര ബന്ധമുള്ള രാജ്യമാണ് വിയറ്റ്‌നാം. കഴിഞ്ഞ വര്‍ഷം സിംഗപ്പൂരിലായിരുന്നു ആദ്യ ഉച്ചകോടി.
ഉത്തരകൊറിയയുടെ ആണവനിരായുധീകരണ പ്രക്രിയയ്ക്കു തുടക്കമിടാനുള്ള ചര്‍ച്ചകളാണ് വിയറ്റ്‌നാമിലുണ്ടാവുക. സിംഗപ്പൂര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ആണവ, മിസൈല്‍ പരീക്ഷണങ്ങളൊന്നും ഉത്തരകൊറിയ നടത്തിയിട്ടില്ലെങ്കിലും കൈവശമുള്ള ആണവായുധ ശേഖരം നശിപ്പിക്കാന്‍ അവര്‍ സമ്മതിച്ചിട്ടില്ല. കിമ്മുമായി നല്ല ബന്ധമാണെന്നും കൊറിയയുടെ മിസൈല്‍ വിക്ഷേപണങ്ങളും ആണവപരീക്ഷണങ്ങളും 15 മാസമായി നിര്‍ത്തിയിരിക്കുകയാണെന്നും ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ പറഞ്ഞു. ഉത്തരകൊറിയയുമായുള്ള ചര്‍ച്ച തന്റെ നേട്ടമായും എടുത്തുകാട്ടി. ‘ഞാന്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ നമ്മള്‍ (യുഎസ്) ഇപ്പോള്‍ കൊറിയയുമായി വലിയൊരു യുദ്ധത്തിലായിരുന്നേനെ’ ട്രംപ് പറഞ്ഞു.

pathram:
Leave a Comment