ഒത്തു തീര്‍പ്പിന് വഴങ്ങിയില്ല; എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ശരതിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന കാരണം ചൂണ്ടികാട്ടിയാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച കേസില്‍ ഒത്തു തീര്‍പ്പിന് വഴങ്ങാത്തതിന്റെ പേരിലാണ് ശരതിനെ സസ്‌പെന്‍ഡു ചെയ്തതതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വാട്‌സാപ് ഗ്രൂപ്പില്‍ സന്ദേശമിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റിട്ടില്ലെന്നു ശരത് പറയുന്നു.
ഡിസംബര്‍ 12നായിരുന്നു ശരതിനെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചത്. യൂണിവേഴ്‌സിറ്റി കോളെജിന് മുന്നില്‍ വെച്ച് സിഗ്‌നല്‍ തെറ്റിച്ച് വാഹനമോടിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ചോദ്യം ചെയതതിനെ തുടര്‍ന്ന് അഞ്ചോളം വരുന്ന എസ്.എഫ്.ഐ ക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ പരുക്കേറ്റ ശരതിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്നു ഒളിവില്‍ പോയ എസ്.എഫ്.ഐ ക്കാരില്‍ നാലുപേര്‍ കീഴടങ്ങിയെങ്കിലും മുഖ്യപ്രതിയായ നസീം ഒളിവില്‍ തന്നെ തുടര്‍ന്നു. കഴിഞ്ഞദിവസം രണ്ടു മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍ നസിം പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നു നസീമും കീഴടങ്ങി.
സംഭവം ഒത്തു തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ശരതിനെ സിപിഐഎമ്മില്‍ നിന്നും എസ്എഫ്‌ഐയില്‍ നിന്നും നിരവധി പേര്‍ സമീപിച്ചിരുന്നെങ്കിലും ശരത് വഴങ്ങിയിരുന്നില്ല. ഇതാണ് സസ്‌പെന്‍ഷന് കാരണമായതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

pathram:
Leave a Comment