മോഹന്‍ലാല്‍ സ്ഥാനാര്‍ഥിയാവില്ല; ബിജെപിക്ക് തിരിച്ചടി

കൊച്ചി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് താരം മത്സരിക്കില്ലെന്ന് സുരേഷ് കുമാര്‍ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്.

മോഹന്‍ലാലിന്റെ താത്പര്യമറിയാന്‍ നേതാക്കള്‍ തന്നേയും സമീപിച്ചിരുന്നുവെന്നും എന്നാല്‍ അദേഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതായും സുരേഷ് കുമാര്‍ പറഞ്ഞു. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നുവെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ ഔദ്യോഗികമായി വെളിപ്പെടുത്തിയതിനു പിന്നാലെ എവിടെ വേണമെങ്കിലും മത്സരിപ്പിക്കാന്‍ തയാറാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശും വ്യക്തമാക്കിയിരുന്നു. ഇതോടെ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹം ശകതമാകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ മോഹന്‍ലാല്‍ തയ്യാറായാല്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് രാവിലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞിരുന്നു. ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപിക്ക് വിജയ സാധ്യത കൂടുതലാണെന്നും എം.ടി. രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകന്മാരും ജനങ്ങളും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തയ്യാറാണെന്ന് എം.ടി രമേശ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും രമേശ് വ്യക്തമാക്കി.
ബിജെപി നേതൃത്വത്തിന് മുന്നില്‍ ഇത്തരം ശുപാര്‍ശകള്‍ ഒന്നുംതന്നെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെപ്പറ്റി എറ്റവും കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് മോഹന്‍ലാല്‍. മോദി സര്‍ക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പിന്തുണച്ചിട്ടുമുണ്ട്. അതിനപ്പുറത്തേക്കെന്തെങ്കിലും രാഷ്ട്രീയം അദ്ദേഹത്തിനുണ്ടോ എന്നത് തനിക്കറിയില്ലെന്നും എം.ടി രമേശ് പറഞ്ഞു.

pathram:
Leave a Comment