തിരുവനന്തപുരത്ത് മോഹന്‍ ലാല്‍; ഒ. രാജഗോപാലിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ…

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു ജയം സ്വന്തമാക്കാനുള്ള പതിനെട്ടടവും പയറ്റുകയാണ് ബിജെപി. ഇത്തവണ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ രംഗത്തിറക്കാന്‍ വേണ്ടിയുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എംഎല്‍എയുമായ ഒ.രാജഗോപാല്‍ ആണ് തിരുവനന്തപുരത്ത് മോഹന്‍ലാലിനെ പരിഗണിക്കുന്നതായി സ്ഥിരീകരിച്ചത്.

‘പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല’– ഒരു ദേശീയ മാധ്യമത്തോടു രാജഗോപാല്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ ബിജെപി നേതാക്കളുമായി ലാലിനു നല്ല ബന്ധമാണുള്ളത്. ജന്മദിനാശംസകള്‍ നേര്‍ന്നു ട്വിറ്ററില്‍ സന്ദേശമയച്ചപ്പോള്‍ മോദി പ്രത്യേകം നന്ദി പറഞ്ഞതും, ന്യൂഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതുമെല്ലാം ലാലിന്റെ രാഷ്ട്രീയ പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടു. കഴിഞ്ഞദിവസം പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചിരുന്നു. എന്നാല്‍, തന്റെ ആലോചനയില്‍പോലും തിരഞ്ഞെടുപ്പു മത്സരമില്ലെന്നാണു മോഹന്‍ലാല്‍ അടുത്തിടെ വ്യക്തമാക്കിയത്.

pathram:
Related Post
Leave a Comment