രാഹുല്‍ മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കും..?

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ നാന്ദേഡില്‍നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം. കോണ്‍ഗ്രസിന്റെ സുരക്ഷിതമണ്ഡലങ്ങളിലൊന്നായ നാന്ദേഡില്‍ രാഹുല്‍ വരുന്നത് സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

ഉത്തര്‍പ്രദേശില്‍ നെഹ്രു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍നിന്നുള്ള എം.പി.യാണ് രാഹുല്‍ ഇപ്പോള്‍. അമേഠി ഒഴിവാക്കിയാണോ അദ്ദേഹം മഹാരാഷ്ട്രയിലെത്തുകയെന്ന് വ്യക്തമല്ല. ഒന്നിലധികം മണ്ഡലങ്ങളില്‍നിന്ന് മത്സരിക്കുമോ എന്നുമറിയില്ല. മധ്യപ്രദേശിലെ ഒരു മണ്ഡലത്തിലും രാഹുലിന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

നാന്ദേഡില്‍ ഇതുവരെ നടന്ന 20 തിരഞ്ഞെടുപ്പുകളില്‍ പതിനാറിലും ജയിച്ചത് കോണ്‍ഗ്രസാണ്. പാര്‍ട്ടി തകര്‍ന്നടിഞ്ഞ 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍പ്പോലും ഇവിടത്തെ ആറില്‍ മൂന്നു മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനാണ് കിട്ടിയത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാനാണ് ഇവിടെനിന്ന് ജയിച്ചത്.

നാന്ദേഡില്‍ മത്സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തെ സസന്തോഷം സ്വാഗതം ചെയ്യുമെന്ന് അശോക് ചവാന്‍ പറഞ്ഞു. ”കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാണ് രാഹുല്‍. രാജ്യത്തെ ഏതു മണ്ഡലത്തില്‍നിന്നും അദ്ദേഹത്തിന് വിജയിക്കാനാകും” -ചവാന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യം നിലവില്‍വന്ന സ്ഥിതിക്ക് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ പരിമിതമാണ്. അമേഠിയില്‍ കോണ്‍ഗ്രസിനുതന്നെയാണ് ജയസാധ്യതയെങ്കിലും രാഹുല്‍ അവിടെനിന്ന് മത്സരിക്കുന്നത് സംസ്ഥാനത്തെ മറ്റുമണ്ഡലങ്ങളില്‍ ചലനമുണ്ടാക്കാന്‍ സഹായിക്കില്ല. അതേസമയം മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം നല്ല പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. നാന്ദേഡില്‍ രാഹുല്‍ മത്സരിച്ചാല്‍ ലാത്തൂര്‍, യവത്മല്‍, പര്‍ഭാനി, ഹിംഗോളി എന്നിവിടങ്ങളിലും അത് കോണ്‍ഗ്രസിന്റെ ജയസാധ്യത വര്‍ധിപ്പിക്കും. കര്‍ണാടക, തെലങ്കാന അതിര്‍ത്തിയിലാണ് മണ്ഡലം എന്നതുകൊണ്ട് ഈ സംസ്ഥാനങ്ങളിലും അതിന്റെ ചലനങ്ങളുണ്ടാകും.

രാഹുലിനുവേണ്ടി നാന്ദേഡ് ഒഴിഞ്ഞുകൊടുക്കേണ്ടിവന്നാല്‍ അശോക് ചവാനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ആലോചന.

pathram:
Leave a Comment