ഇന്ത്യ പഴയ ഇന്ത്യയല്ല; 300 റണ്‍സ് കണ്ടാലൊന്നും പതറില്ലെന്ന് കോഹ്ലി

നേപ്പിയര്‍: നാല് വര്‍ഷം മുമ്പ് ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമല്ല ഇപ്പോഴത്തേതെന്നും ഇന്ത്യന്‍ ടീമിന്റെ കഴിവുകളെക്കുറിച്ച് ടീമംഗങ്ങള്‍ ഓരോരുത്തര്‍ക്കും നല്ല ബോധ്യമുണ്ടെന്നും വിരാട് കോലി. ന്യൂസീലിന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അന്ന് ബാറ്റിങ് യൂണിറ്റെന്ന നിലയില്‍ മത്സരപരിചയമുണ്ടായിരുന്നില്ലെന്നും വലിയ സ്‌കോറുകളെ ഇന്ത്യ ഇന്ന് ഭയക്കുന്നില്ലെന്നും കോലി വ്യക്തമാക്കി.

‘വലിയ സ്‌കോറുകള്‍ പടുത്തുയര്‍ത്തുന്നതില്‍ കഴിവുള്ളവരാണ് ന്യൂസീലന്‍ഡ് താരങ്ങള്‍. അതുകൊണ്ടുതന്നെ 300-ന് മുകളിലുള്ള സ്‌കോര്‍ കാണുമ്പോള്‍ പതറാതിരിക്കുക എന്നതാണ് പ്രധാനം. വലിയ സ്‌കോറുകള്‍ മറികടക്കാനുള്ള കരുത്ത് ഇന്ന് ടീമിനുണ്ട്. ഇനി ആദ്യം ബാറ്റു ചെയ്യുന്നത് ഇന്ത്യയാണെങ്കില്‍ ഇന്ത്യക്ക് മുന്നൂറിനപ്പുറമുള്ള സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കും’- കോലി വ്യക്തമാക്കി.

ന്യൂസീലന്‍ഡിലെ ഗ്രൗണ്ടുകള്‍ താരതമ്യേന ചെറുതാണ്. അതിനനുസരിച്ചുള്ള പദ്ധതികളാണ് തയ്യാറാക്കുക. ബാറ്റ്സ്മാന്‍മാര്‍ ശരിയായ ദിശ കണ്ടെത്തണം. വേഗത്തില്‍ ബൗണ്ടറി കണ്ടെത്താനാകും. അതുകൊണ്ടുതന്നെ പന്ത് എങ്ങോട്ടെല്ലാം അടിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ വേണം. ബൗളര്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ പച്ചപ്പുള്ള പ്രതലങ്ങളല്ലെങ്കില്‍ എവിടെ പന്ത് എറിഞ്ഞാലാണ് ബാറ്റ്സ്മാന്‍ ഷോട്ട് അടിക്കുകയെന്നും ഫീല്‍ഡര്‍മാര്‍ക്ക് ക്യാച്ച് സമ്മാനിക്കുകയെന്നും അറിയാനാകണം. ഇതുമനസ്സിലാക്കിയാല്‍ ന്യൂസീലന്‍ഡില്‍ വിജയിക്കാനാകും-കോലി കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷം മുമ്പുള്ള പര്യടനത്തില്‍ ന്യൂസീലന്‍ഡില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇത്തവണ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വിന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ഒരുങ്ങാനുള്ള അവസരം കൂടിയാണിത്.

pathram:
Leave a Comment