അപേക്ഷപോലും പരിഗണിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം നേതാക്കള്‍ക്കും അഭിപ്രായം; യുഡിഎഫിലേക്ക് മടങ്ങാനുള്ള പി.സി. ജോര്‍ജിന്റെ നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം: യു.ഡി.എഫിന്റെ ഭാഗമാകാനുള്ള പി.സി ജോര്‍ജിന്റെ നീക്കത്തിന് തിരിച്ചടി. മുന്നണി പ്രവേശനത്തിനുള്ള അദ്ദേഹത്തിന്റെ അപേക്ഷപോലും പരിഗണിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ യു.ഡി.എഫ് നേതൃത്വം തയ്യാറായില്ല.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് പി.സി ജോര്‍ജ്ജ് കത്ത് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അതിനാല്‍, വിഷയം യുഡിഎഫില്‍ ചര്‍ച്ചയ്ക്ക് വന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യം കെ.പി.സി.സി ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, കേരള കോണ്‍ഗ്രസ് (എം) രണ്ട് ലോക്‌സഭാ സീറ്റുകള്‍ വേണമെന്ന ആവശ്യം യു.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ചു. പി.ജെ ജോസഫാണ് ഈ ആവശ്യമുന്നയിച്ചത്. ഒരു വീട്ടുവീഴ്ചയും നടത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പി.ജെ ജോസഫും ജോസ്.കെ. മാണിയുമാണ് കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്. ഇടുക്കി സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജോണി നെല്ലൂരാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍, മുസ്ലിം ലീഗ് ആവശ്യങ്ങളൊന്നും ഉന്നയിച്ചില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുപ്രധാന യുഡിഎഫ് യോഗമാണ് ഇന്ന് ചേര്‍ന്നത്. കേരള രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാകുന്നുവെന്ന അഭിപ്രായമാണ് പൊതുവില്‍ ഉയര്‍ന്നതെന്ന് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശബരിമലയിലെ വിശ്വാസികളുടെ വികാരത്തെ ചവിട്ടി മെതിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലെ വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ മുറിവേല്‍പ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

pathram:
Related Post
Leave a Comment