കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് അട്ടിമറിക്കുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് പൊലീസ് തലത്തില്‍ അട്ടിമറിക്കുന്നതായി സൂചന. കേസ് െ്രെകംബ്രാഞ്ചിന് കൈമാറി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കം നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടപടിയൊന്നുമില്ലാതെ അനന്തമായി നീട്ടികൊണ്ട് പോകാം. ഇതിന്, ലോക്കല്‍ പൊലീസില്‍ നിന്ന് എടുത്തുമാറ്റുകയെന്ന തന്ത്രം തലപ്പത്ത് ഉള്ളവര്‍ പലപ്പോഴും പയറ്റുന്നതാണ്. വന്‍ വിവാദമായ പല കേസിലും അടുത്ത കാലത്ത് ഇത് ഫലപ്രദമായി നടപ്പാക്കിയതുമാണ്. ഇതേ വഴിയാണ് വെടിവയ്പ് കേസിലും ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണ് വെടിവയ്പ്പ് ഉണ്ടായത്. ഹെല്‍മെറ്റ് കൊണ്ട് മുഖംമറച്ച് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്ത ശേഷം തിടുക്കത്തില്‍ മടങ്ങുകയായിരുന്നു. ഭീഷണിയാണ് ഉദ്ദേശ്യമെന്ന് വ്യക്തമായിരുന്നു. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കുറിപ്പ് ഇവര്‍ സ്ഥലത്ത് ഉപേക്ഷിച്ചത് കണ്ടെത്തി. ഇതേ പൂജാരി തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ 25 കോടി രൂപ ആവശ്യപ്പെട്ടു ഫോണില്‍ വിളിച്ച കാര്യവും ലീന മരിയ അറിയിച്ചിരുന്നു.
തുടര്‍ന്ന് സ്ഥാപന ഉടമയായ നടി ലീന മരിയയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും അധോലോക കുറ്റവാളി പണം ആവശ്യപ്പെടാന്‍ തക്ക പ്രശ്‌നമെന്താണ് എന്നതിനെ സംബന്ധിച്ച് വിശദീകരണം ഉണ്ടായില്ല. അതുകൊണ്ട് തന്നെ വീണ്ടും വിളിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ പലവട്ടം സമയം മാറ്റിപറഞ്ഞ നടി ഇതുവരെയും ഹാജരായിട്ടില്ല.
കേസില്‍ ഉള്‍പ്പെട്ട ഇരുകക്ഷികളും തമ്മിലുണ്ടായിരുന്ന സാമ്പത്തിക തര്‍ക്കം ഒത്തുതീര്‍പ്പാക്കിയെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് െ്രെകംബ്രാഞ്ചിന് കൈമാറുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ലീനാ മരിയ പോളിനോട് രണ്ടാം തവണ മൊഴി നല്‍കാന്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിട്ട് നടി എത്തിയിട്ടുമില്ല.
സ്ഥിരീകരണം ഇല്ലെങ്കിലും വെടിവയ്പിന് ഇടയാക്കിയ പ്രശ്‌നങ്ങള്‍ ഇരുപക്ഷവും പരിഹരിച്ചെന്ന വിവരം ഇതിനിടെ പൊലീസിന് ലഭിച്ചു. ലീന മരിയയുടെ ഭര്‍ത്താവ് സാമ്പത്തിക കേസുകളില്‍ പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന സുകേശ് ചന്ദ്രശേഖര്‍ ആണ് ചരട് വലിക്കുന്നത്.
കേരളത്തിലെ വെടിവയ്പ് കേസ് ഒതുക്കുന്ന കാര്യം ഉന്നതരുമായി ബന്ധപ്പെട്ട് താന്‍ ശരിയാക്കാമെന്ന ഉറപ്പ് തിഹാര്‍ ജയിലില്‍ നിന്ന് സുകേശ് നല്‍കിയിട്ടുണ്ടെന്നും അടുപ്പക്കാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഗുരുതര ക്രസമാധാന പ്രശ്‌നമെന്ന നിലയില്‍ ചര്‍ച്ചയായ കേസ് ഒഴിവാക്കാനോ അന്വേഷണം അവസാനിപ്പിക്കാനോ പൊലീസിന് കഴിയില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7