പരിഹാസങ്ങള്‍ ബാധിക്കില്ല; പൂജ്യത്തില്‍നിന്ന് സര്‍ക്കാരുണ്ടാക്കും; ശബരിമല വിഷയത്തില്‍ ഇത്രയേറെ വെറുപ്പോടെ തീരുമാനം എടുക്കുമെന്നു കരുതിയില്ലെന്നും പ്രധാനമന്ത്രി

കൊല്ലം: ത്രിപുരയില്‍ ഇടതുഭരണത്തിനു വിരാമമിട്ട് അധികാരം പിടിച്ചതുപോലെ കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയില്‍ പൂജ്യം എന്ന നിലയില്‍നിന്നാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. അതുതന്നെ കേരളത്തിലും സംഭവിക്കും. കേരളത്തിലെ ജനത ഉണര്‍ന്നിരിക്കുന്നു. അവര്‍ ബിജെപിയെ പ്രതീക്ഷയോടെയാണു കാണുന്നത്. ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും പരിഹാസങ്ങള്‍ ബിജെപി പ്രവര്‍ത്തകരെ ബാധിക്കില്ലെന്നും കൊല്ലം കന്റോണ്‍മെന്റ് മൈതാനത്തു നടന്ന എന്‍ഡിഎ മഹാസംഗമത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ശബരിമലയില്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും മോദി മുന്നറിയിപ്പു നല്‍കി. കമ്യൂണിസ്റ്റുകള്‍ വിശ്വാസങ്ങളെയും ഭാരതീയ സംസ്‌കാരത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. പക്ഷേ, ഇത്രയേറെ വെറുപ്പോടെ ഇക്കാര്യത്തില്‍ അവര്‍ തീരുമാനം എടുക്കുമെന്നു കരുതിയില്ലെന്നും മോദി പറഞ്ഞു.

ശബരിമല വിഷയത്തില്‍ യുഎഡിഎഫിനു വ്യക്തമായൊരു നിലപാടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ അവര്‍ പാര്‍ലമെന്റില്‍ ഒന്നു പറയും. പത്തനംതിട്ടയില്‍ മാറ്റിപ്പറയും. കൃത്യമായ നിലപാടു വ്യക്തമാക്കാന്‍ അവരെ വെല്ലുവിളിക്കുകയാണ്. വര്‍ഗീയത, അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രാഷ്ട്രീയ കലാപങ്ങളുണ്ടാക്കുന്നതിലും അങ്ങനെത്തന്നെ. ബിജെപിയുടെ നിലപാട് എപ്പോഴും സുവ്യക്തമാണ്. കേരളീയ സംസ്‌കാരത്തോടൊപ്പം നിന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബിജെപി മാത്രമാണെന്നും മോദി പറഞ്ഞു.

രാജ്യം ദ്രുതഗതിയില്‍ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അധ്വാനം, കഴിവ് എന്നിവകൊണ്ടു മാത്രമല്ല ഇത്. നാലു വര്‍ഷം മുന്‍പ് ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?. നാലു വര്‍ഷം മുന്‍പ് ദുര്‍ബലമായ സമ്പദ്ഘടന എന്ന നിലയില്‍ നിന്ന് ഇത്രയും വളര്‍ച്ചയുണ്ടാകുമെന്ന് കരുതിയിരുന്നോ? കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂല സാഹചര്യമുള്ള കേന്ദ്രമായി ഇന്ത്യ മാറിയെന്നും മോദി പറഞ്ഞു.

pathram:
Leave a Comment