അഡ്‌ലെയ്ഡ് : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയുടെ ഉജ്വലമായ സ്റ്റംപിങ്ങില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബാണ് പുറത്തായത്. 22 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 20 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോംബിനെ രവീന്ദ്ര ജഡേയുടെ പന്തിലാണ് ധോണി സ്റ്റംപു ചെയ്തു പുറത്താക്കിയത്. 28 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ഷോണ്‍ മാര്‍ഷ് (61), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (പൂജ്യം) എന്നിവരാണ് ക്രീസില്‍
62 പന്തില്‍ നാലു ബൗണ്ടറി സഹിതമാണ് മാര്‍ഷ് ഏകദിനത്തിലെ 14–ാം അര്‍ധസെഞ്ചുറി സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (19 പന്തില്‍ ആറ്), അലക്‌സ് കാറെ (27 പന്തില്‍ 18) ഉസ്മാന്‍ ഖവാജ (23 പന്തില്‍ 21) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍. ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാറും കാറെയെ മുഹമ്മദ് ഷമിയുമാണ് പുറത്താക്കിയത്. ഉസ്മാന്‍ ഖവാജ രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ കരുതലോടെയാണ് തുടങ്ങിയതെങ്കിലും ആറു റണ്‍സിനിടെ നഷ്ടമാക്കിയ രണ്ടു വിക്കറ്റുകളാണ് അവരുടെ തുടക്കം തകര്‍ച്ചയോടെയാക്കിയത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും രണ്ടക്കം കടക്കുന്നതില്‍ പരാജയപ്പെട്ട ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ആദ്യം പുറത്തായത്. 19 പന്തില്‍ ആറു റണ്‍സെടുത്ത ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ കാറെയും മടങ്ങി. 27 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 18 റണ്‍സെടുത്ത കാറെ, മുഹമ്മദ് ഷമിയുടെ പന്തില്‍ ധവാന്റെ കൈകളിലെത്തി. മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഷോണ്‍ മാര്‍ഷ്–ഉസ്മാന്‍ ഖവാജ സഖ്യം ഇന്ത്യയ്ക്കു ഭീഷണിയായെങ്കിലും രവീന്ദ്ര ജഡേജയുടെ ഉജ്വല ഫീല്‍ഡിങ് ഇന്ത്യയ്ക്ക് രക്ഷയ്‌ക്കെത്തി. സ്‌കോര്‍ 82ല്‍ നില്‍ക്കെ ഉസ്മാന്‍ ഖവാജയെ റണ്ണൗട്ടാക്കിയാണ് രവീന്ദ്ര ജഡേജ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 23 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 21 റണ്‍സെടുത്താണ് ഖവാജ കൂടാരം കയറിയത്. മൂന്നാം വിക്കറ്റില്‍ ഖവാജ–മാര്‍ഷ് സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് സിറാജ് ഏകദിന അരങ്ങേറ്റം കുറിച്ചു. ഖലീല്‍ അഹമ്മദിനു പകരക്കാരനായാണ് സിറാജിന്റെ വരവ്. ഇന്ത്യന്‍ നിരയില്‍ മറ്റു മാറ്റങ്ങളില്ല. അതേസമയം, ഓസ്‌ട്രേലിയ ആദ്യ മല്‍സരം ജയിച്ച ടീമിനെ നിലനിര്‍ത്തി.
ആദ്യ മല്‍സരം തോറ്റ ഇന്ത്യയ്ക്ക് ഇന്നു നിര്‍ണായകമാണ്. ഇന്നു ജയിച്ചാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഓസീസിനു സ്വന്തമാക്കാം. സിഡ്‌നിയിലെ ആദ്യ ഏകദിനത്തില്‍ 34 റണ്‍സിനു ജയിച്ച ഓസീസാണു പരമ്പരയില്‍ 1–-0നു മുന്നില്‍. ടെസ്റ്റ് പരമ്പരയിലെ തോല്‍വിയോടെ ടീമില്‍ അടിമുടി മാറ്റങ്ങളുമായെത്തിയ ഓസീസിന് ആദ്യ കളിയിലെ തകര്‍പ്പന്‍ വിജയം പകരുന്ന ആവേശം ചെറുതല്ല. പരമ്പരയില്‍ ഒപ്പമെത്തുന്നതോടൊപ്പം പിച്ചിനു പുറത്തു ചൂടുപിടിക്കുന്നന്ന ഹാര്‍ദിക് പാണ്ഡ്യ– കെ.എല്‍. രാഹുല്‍ വിവാദത്തെ തണുപ്പിക്കാനും ഇന്ത്യയ്ക്കിന്നു ജയിക്കാതെ തരമില്ല.
Leave a Comment