ധോനിയുടെ മെല്ലെപ്പോക്ക് ; വിമര്‍ശനവുമായി അജിത്ത് അഗാര്‍ക്കര്‍

മുംബൈ: ധോനിയ്‌ക്കെതിരെ വിമര്‍ശനവുമയി മുന്‍ ഇന്ത്യന്‍ താരം അജിത്ത് അഗാര്‍ക്കര്‍. സിഡ്‌നിയില്‍ ഓസീസിനെതിരേ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 34 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനുപിന്നാലെയാണ് ധോനിയെ വിമര്‍ശിച്ച് അഗാര്‍ക്കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. തുടക്കത്തില്‍ നാലു റണ്‍സിന് ക്യാപ്റ്റന്‍ വിരാട് കോലിയുടേതടക്കം മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന രോഹിത് ശര്‍മ എം.എസ് ധോനി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.
ഓസീസ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മത്സരം തോറ്റതിനു പിന്നാലെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ഇന്നിങ്‌സ് വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തു. 96 പന്തുകളില്‍ നിന്നായിരുന്നു ധോനി 51 റണ്‍സെടുത്തത്. ധോണിയുടെ സ്‌കോറിങ് നിരക്ക് കളിയെ ബാധിച്ചെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇപ്പോഴിതാ ഈ മെല്ലെപ്പോക്കിന്റെ പേരില്‍ ധോനിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത്ത് അഗാര്‍ക്കര്‍.
ധോണിയുടെ സ്‌െ്രെടക്ക് റേറ്റ് നിരാശാജനകമാണെന്നും ഏകദിന മത്സരത്തിന് യോജിച്ചതല്ലെന്നുമായിരുന്നു അഗാര്‍ക്കറുടെ വിമര്‍ശനം.
നാലു റണ്‍സിന് മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ടീം. സമ്മര്‍ദ ഘട്ടത്തില്‍ ക്രീസിലെത്തിയാല്‍ ആദ്യത്തെ കുറച്ചു പന്തുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയേക്കും. 25-30 പന്തുകള്‍ വരെയൊക്കെ ഇക്കാരണം പറയാം. വിക്കറ്റ് പോകാതെ നോക്കണമായിരുന്നു. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞും ഈ മെല്ലെപ്പോക്ക് തുടരുന്നതില്‍ ന്യായീകരണമില്ല.
നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ധോനി സ്‌കോറിങ് വേഗം കൂട്ടണമായിരുന്നു. രോഹിത് ഒറ്റയ്ക്ക് 288 റണ്‍സെടുക്കാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കാന്‍ ധോനിക്ക് സാധിച്ചില്ലെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. ധോനി അര്‍ധസെഞ്ചുറി നേടിയെന്നതൊക്കെ സത്യം, എന്നാല്‍ നൂറിനടുത്ത് പന്തുകളാണ് അതിനായി വേണ്ടിവന്നത്. ഏകദിനത്തില്‍ 100 പന്തുകള്‍ എന്നൊക്കെ പറഞ്ഞാല്‍ ചില്ലറ സംഖ്യയല്ല.
ധോനിയുടെ ഈ അര്‍ധ സെഞ്ചുറി മത്സരം ഫിനിഷ് ചെയ്യാന്‍ രോഹിത്തിനെ സഹായിച്ചില്ലെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു

pathram:
Leave a Comment