പാണ്ഡ്യയ്ക്കും രാഹുലിനും കനത്ത തിരിച്ചടി… ന്യൂസിലന്‍ഡ് പര്യടനവും നഷ്ടമായേക്കും

സിഡ്‌നി: ഇന്ത്യന്‍ താരങ്ങളായ ഹര്‍ദ്ദീക് പാണ്ഡ്യയോടും കെ എല്‍ രാഹുലിനോടും ഉടന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇരുവരെയും നേരത്തെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിനുപിന്നാലെയാണിത്. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇരുവരും കളിക്കില്ലെന്ന് ഉറപ്പായി. ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് ഏറ്റവും ആദ്യമുള്ള ഫ്‌ലൈറ്റില്‍ മടങ്ങണണമെന്നാണ് ഇരുവരോടും ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതോടെ ഓസീസ് പര്യടനത്തിനുശേഷം നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിലും പാണ്ഡ്യയും രാഹുലും കളിക്കുന്ന കാര്യം സംശയത്തിലായി. ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ മുന്‍കൂര്‍ അനുമതി നേടിയശേഷമെ ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്നുണ്ട്. എന്നാല്‍ ഇരുവരും അനുമതി തേടിയിരുന്നോ എന്നകാര്യം വ്യക്തമല്ല.
ഇരുവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച ബിസിസിഐ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ബിസിസിഐയുടെതന്നെ സമിതിയോ ഓംബുഡ്‌സ്മാനോ ആയിരിക്കും ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തുക. വിവാദ പ്രസ്താവനകളില്‍ ഹര്‍ദ്ദീക് പാണ്ഡ്യ സോഷ്യല്‍ മീഡിയയിലൂടെ മാപ്പു പറഞ്ഞെങ്കിലും രാഹുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും പ്രസ്താവനകളെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും തള്ളികളഞ്ഞിരുന്നു.

pathram:
Leave a Comment