ഹര്‍ത്താല്‍; ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകഅക്രമം അരങ്ങേറിയതോടെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം.
ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍ തുടരുന്ന അക്രമത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന തകര്‍ച്ച സംസ്ഥാനം നേരിടുന്ന സാഹചര്യത്തില്‍ ഇടപെടണമെന്നാണ് ചെന്നിത്തല ഗവര്‍ണറോട് നേരിട്ട് ഫോണില്‍ ആവശ്യപ്പെട്ടത്.
ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാവിലെ മുതല്‍ സംഘര്‍ഷം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമടക്കം നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഹര്‍ത്താലില്‍ പ്രതിഷേധിച്ച് തുറന്ന കടകള്‍ അക്രമികള്‍ അടിച്ച് തകര്‍ത്തു. 100 ഓളം കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു. 3 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് ഹര്‍ത്താലില്‍ ഉണ്ടായത്. ഇതിനെതിരെ കെഎസ്ആര്‍ടിസി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പ്രതിഷേധിച്ചു.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബോംബേറുണ്ടായി. നെയ്യാറ്റിന്‍കരയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരഞ്ഞു കല്ലെറിഞ്ഞു. മാധ്യമ പ്രവര്‍ത്തകരേയും ഒരു പൊലീസ് ഉദ്യോഗസ്ഥനേയും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. ഹര്‍ത്താലില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു.

pathram:
Related Post
Leave a Comment