ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച പ്രധാനമന്ത്രിയാവാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്ന് ശശി തരൂര്‍ എം.പി. വ്യക്തിപരമായി രാഹുലുമായി അടുത്തിടപഴകാനുള്ള ഏറെ അവസരങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതിനാല്‍ ഒരു മികച്ച പ്രധാനമന്ത്രിയായി തിളങ്ങാനുള്ള എല്ലാ യോഗ്യതകളും രാഹുലിനുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും പി.ടി.ഐ യുമായുള്ള അഭിമുഖത്തില്‍ ശശി തരൂര്‍ വ്യക്തമാക്കി.
രാഹുല്‍ തങ്ങളുടെ നേതാവാണ്. അതിനര്‍ത്ഥം കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നാല്‍ രാഹുലായിരിക്കും പ്രധാനമന്ത്രി. പക്ഷെ ഒരു കൂട്ടുമന്ത്രിസഭയാണ് ഉണ്ടാവുന്നതെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ മുന്നണിയിലെ മറ്റ് പാര്‍ട്ടികളുമായും വലിയ ചര്‍ച്ചകള്‍ നടത്തേണ്ടി വരും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ രീതിയിലും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ ബദല്‍ എന്നത് കോണ്‍ഗ്രസ് മാത്രമാണെന്നാണ് സമീപകാലത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയുടെ എല്ലാവരെയും ഉള്‍കൊള്ളുന്ന നേതൃത്വം, പീഡിതരായ ജനങ്ങളോടുള്ള സനാഹുഭൂതി, രാജ്യത്തിന്റെ ബഹുസ്വരതയോടുള്ള പ്രതിബദ്ധത, സവിശേഷമായ വ്യക്തിപ്രഭാവം, വിനയം എന്നിവയെല്ലാം വലിയ ഉത്തവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള യോഗ്യതകളാണ്. കോണ്‍ഗ്രസ് ഇതര നേതാക്കന്മാരുടേയും സമീപകാല പ്രസ്താവനകള്‍ തെളിയിക്കുന്നത് രാഹുല്‍ തന്നെയാണ് ഇക്കാര്യത്തില്‍ യോഗ്യന്‍ എന്നാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് ശേഷം ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും നാഷണള്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയും പോലുള്ള നേതാക്കന്മാര്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായവണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു.
Leave a Comment