തിരുവനന്തപൂരം: ഒടിയനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വീണ്ടും സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. സിനിമയ്ക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നല്‍കി എന്ന വിമര്‍ശനത്തിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: എന്റെ നേര്‍ക്ക് ഉയരുന്ന ഏറ്റവും വലിയ ആരോപണം ഞാന്‍ സിനിമയ്ക്ക് വേണ്ടാത്ത ഹൈപ്പ് നല്‍കി എന്നാണ്. എന്നാല്‍ അതിന് തനിക്ക് യാതൊരു ഖേദവുമില്ല. ഞാന്‍ ഉണ്ടാക്കിയ ഒരു ഉല്‍പ്പന്നം വിറ്റഴിക്കേണ്ടത് എന്റെ ആവശ്യമാണ്. അതിനായി പരസ്യരംഗത്ത് നിന്നും പഠിച്ച മാര്‍ക്കറ്റിങ്ങ് പാഠങ്ങള്‍ ബോധപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് മാത്രം കണ്ട് രസിക്കാന്‍ അല്ലല്ലോ ഞാന്‍ പടം എടുത്തത്?
ഒടിയനെക്കുറിച്ചുള്ള കഥകള്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ കേട്ടിട്ടുണ്ട്. പക്ഷെ ആരും ഒടിയനെ കണ്ടിട്ടില്ല. ആരും കാണാത്ത ഒരു മിത്തിന് രൂപം നല്‍കി അതിന്റെ മാനുഷികതലമാണ് നല്‍കിയത്. പഴയ കാലത്ത് മറ്റുള്ളവര്‍ക്ക് വേണ്ടി ദ്രോഹം ചെയ്യാന്‍ വേണ്ടി കൊട്ടേഷന്‍ എടുത്ത ആളുകളാണ് ഒടിയന്‍മാര്‍. ആ കഥാപാത്രത്തെ സാധാരണക്കാരനായ ഒരാളായിട്ടാണ് കാണിച്ചത്.
ഞാന്‍ കാണിച്ചത് പഴയ മോഹന്‍ലാലിനെയാണ്. മോഹന്‍ലാലിന്റെ പഴയ കുസൃതിയും തമാശകളുമൊക്കെ തിരികെ കൊണ്ടുവരാനാണ് ശ്രമിച്ചത്. മുപ്പതുകാരനായ മോഹന്‍ലാലിനെ കാണിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. അത് സിനിമയില്‍ കാണിച്ചിട്ടില്ലേ? മലയാളസിനിമ പ്രേക്ഷകരെ പരിഗണിച്ചതുകൊണ്ടാണ് മാസ് കാണാതിരുന്നത്. എണ്‍പതുകളിലെ ലുക്കിലുള്ള മോഹന്‍ലാലിനെയാണ് കാണിച്ചത്. ത്രീ ഇഡിയറ്റ്‌സിലെ ആമീര്‍ഖാന്റെ പോലെയൊക്കെയാണ് ഒടിയനുവേണ്ടി മോഹന്‍ലാല്‍ ശാരീരികമായി മാറിയത്. കലാപരമായി സിനിമയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നാല്‍ മോഹന്‍ലാല്‍ മറുപടി പറയും എന്നു തന്നെയാണ് എന്റെ വിശ്വാസം. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഒരു സിനിമ എടുക്കാന്‍ സാധിക്കില്ല. എന്റെ ശൈലിയിലും എന്റെ ജ്ഞാനത്തിലും ഞാന്‍ അവതരിപ്പിച്ച സിനിമയാണ് ഒടിയന്‍. ആ സിനിമ മോഹന്‍ലാലിന് വിശ്വാസ്യമായതുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്.
Leave a Comment