മാണിക്യനാകാന്‍ മോഹന്‍ലാല്‍ നടത്തിയ മേക്കോവറിന് പിന്നിലുളള വേദനയെങ്കിലും ഓര്‍ക്കണം മേജര്‍ രവി..

മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ മേജര്‍ രവി രംഗത്ത്. ഒടിയന്‍ ഒരു ക്ലാസ് ചിത്രമാണ്. അമിതമായ പ്രചാരണമാണ് ചില ആരാധകരെ നിരാശപ്പെടുത്തിയതെന്നും മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ച് ചിത്രത്തെ കൊല്ലരുതെന്നും മേജര്‍ രവി ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. മാണിക്യനാകാന്‍ മോഹന്‍ലാല്‍ നടത്തിയ മേക്കോവറിന് പിന്നിലുളള വേദനയെങ്കിലും ഓര്‍ക്കണമെന്നും മേജര്‍ രവി പറയുന്നു. ഒടിയന്‍ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുളള ഗൃഹാതുരതയെ മടക്കി തന്ന ഒരു ക്ലാസ് സിനിമയാണ് ഒടിയന്‍. മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദനയെങ്കിലും ഓര്‍ക്കുക, ചിത്രത്തെ വെറുതെ വിടുക. മേജര്‍ രവി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഒടിയനെ’തിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയരുമ്പോള്‍ സിനിമയിലെ നായിക കൂടിയായ മഞ്ജു വാരിയര്‍ മൗനം വെടിയണമെന്നായിരുന്നു സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ഇന്നലെ ആവശ്യപ്പെട്ടത്. മഞ്ജുവിനെ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് തനിക്ക് നേരെ ആക്രമണങ്ങള്‍ വരുന്നത്. നാല്, അഞ്ച് വര്‍ഷമായിട്ടുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാവര്‍ക്കും ഇത് മനസിലാകുമെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ചിലര്‍ കരുതിക്കൂടി നടത്തുന്ന ആക്രമണമാണ് ഒടിയന്‍ എന്ന സിനിമയ്ക്ക് നേരെയുള്ളതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

pathram:
Leave a Comment