പെര്‍ത്ത് ടെസ്റ്റ് ; തകര്‍പ്പന്‍ ക്യാച്ചുമായി വിരാട് കോലി ( വൈറല്‍ വിഡിയോ )

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പീറ്റര്‍ ഹാന്‍ഡ്കോംപ്സിനെ പുറത്താക്കിയ ക്യാച്ചാണ് വൈറലായിരിക്കുന്നത്. ഇശാന്ത് ശര്‍മയുടെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ലിപ്പിലേക്ക്. ഒന്ന് കഠിനശ്രമം നടത്തിയെങ്കില്‍ മാത്രമെ പന്ത് ഫീല്‍ഡര്‍ക്ക് കൈപ്പിടിയിലൊതുക്കാന്‍ സാധിക്കൂ. സെക്കന്‍ഡ് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന കോലി പന്ത് കൈയിലൊതുക്കി. ഉയര്‍ന്ന് ചാടിയ കോലി ക്യാച്ച് വലങ്കയ്യിലൊതുക്കി.

അതേസമയം ടെസ്റ്റിന്റെ ആദ്യ ദിനം ഒന്നാം സെഷന്‍ കൈക്കലാക്കിയ ഓസീസിനെതിരേ ഇന്ത്യയുടെ തിരിച്ചുവരവ്. ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനിന്ന ഓസീസിനെ രണ്ടാമത്തെയും മുന്നാമത്തെയും സെഷനില്‍ ഇന്ത്യ പ്രതിരോധത്തിലാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ.
33 റണ്‍സുമായി ഷോണ്‍ മാര്‍ഷും 36 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍. ഓസീസിനായി ഓപ്പണര്‍മാരായ മാര്‍ക്കസ് ഹാരിസും (70), ആരോണ്‍ ഫിഞ്ചും (50) അര്‍ധസെഞ്ചുറി നേടി. ഉസ്മാന്‍ ഖ്വാജ (5), പീറ്റര്‍ ഹാന്‍സ്‌കോമ്പ് (7) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് താരങ്ങള്‍.
അര്‍ധ സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചാണ് ആദ്യം പുറത്തായത്. ഒന്നാം വിക്കറ്റില്‍ ഹാരിസിനൊപ്പം 112 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഫിഞ്ച് മടങ്ങിയത്. ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഫിഞ്ച്. ആദ്യ സെഷനില്‍ ക്ഷമയോടെ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട ഫിഞ്ചും ഹാരിസും ഓസീസിന് മികച്ച തുടക്കമാണ് നല്‍കിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 26 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 66 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍.
ഉസ്മാന്‍ ഖവാജയെ ഉമേഷ് ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ചു. മാര്‍ക്കസ് ഹാരിസിനെ ഹനുമാ വിഹാരിയുടെ പന്തില്‍ രഹാനെയും ഹാന്‍ഡ്സ്‌കോമ്പിനെ ഇഷാന്ത് ശര്‍മയുടെ പന്തില്‍ വിരാട് കോഹ്ലിയും ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെയാണ് ഇന്ത്യ പെര്‍ത്തില്‍ ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ അശ്വിന് പകരം ഉമേഷ് യാദവ് ടീമിലെത്തി.
ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെ ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. സ്പിന്നറെ കൂടാതെ ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റുമാണിത്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ജൊഹാനസ്ബര്‍ ടെസ്റ്റിലും ഇന്ത്യ സ്പിന്നറെ കൂടാതെയാണ് ഇറങ്ങിയത്.

pathram:
Leave a Comment