പെര്‍ത്ത് ടെസ്റ്റില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി

പെര്‍ത്ത്: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ധ സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചി (50)ന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആതിഥേയര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തിട്ടുണ്ട്. മാര്‍കസ് ഹാരിസ് (55), ഉസ്മാന്‍ ഖവാജ (0) എന്നിവരാണ് ക്രീസീല്‍.
ഒന്നാം വിക്കറ്റില്‍ ഹാരിസിനൊപ്പം 112 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഫിഞ്ച് മടങ്ങിയത്. ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഫിഞ്ച്. ആറ് ഫോര്‍ ഉള്‍പ്പെടെയാണ് ഫിഞ്ച് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും ഫിഞ്ച് പൂര്‍ണ പരാജയമായിരുന്നു. ഒമ്പത് ഫോറ് ഉള്‍പ്പെടുന്നതായിരുന്നു ഹാരിസിന്റെ ഇന്നിങ്സ്.
അതേസമയം ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെയാണ് ഇന്ത്യ പെര്‍ത്തില്‍ ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ അശ്വിന് പകരം ഉമേഷ് യാദവ് ടീമിലെത്തി.
ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെ ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. സ്പിന്നറെ കൂടാതെ ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റുമാണിത്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ജൊഹാനസ്ബര്‍ ടെസ്റ്റിലും ഇന്ത്യ സ്പിന്നറെ കൂടാതെയാണ് ഇറങ്ങിയത്.
ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും പേസ് നിരയിലെത്തി. ഭുവനേശ്വറിന് ഇത്തവണയും അവസരം ലഭിച്ചില്ല.
ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

pathram:
Related Post
Leave a Comment