കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനെ കേസില്‍ കുടുക്കി റിമാന്‍ഡ് പരമ്പര നടത്തിയതിന് പകരം വീട്ടാന്‍ ബിജെപി തയാറെടുക്കുന്നു. ഇതിനായി സി.പി.എം. നേതാക്കളുടെ കേസുകള്‍ ബി.ജെ.പി. തിരയുന്നതായാണ് റിപ്പോര്‍ട്ട്. ജനപ്രതിനിധികളായ സി.പി.എം. നേതാക്കളുടെ കേസുകളുടെ വിശദാംശങ്ങളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ക്രിമിനല്‍ കേസുകള്‍ ഉള്ള നേതാക്കള്‍ അത് മറച്ചുവച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം നല്‍കിയത് പുറത്തുകൊണ്ടുവരാനാണ് നീക്കം. തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച ‘ഡിക്ലറേഷനി’ല്‍ സി.പി.എം. ജനപ്രതിനിധികള്‍ പലരും കേസുകളെക്കുറിച്ച് വ്യക്തമായ കണക്ക് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനാണ് ശ്രമം. ബി.ജെ.പി. ജില്ലാ കമ്മിറ്റികളോട് സി.പി.എം. നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സി.പി.എം. ജനപ്രതിനിധികള്‍ പലരും പ്രത്യക്ഷത്തില്‍ അറിയാവുന്ന ചില കേസുകളുടെ കാര്യങ്ങള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുള്ളത്. നേതാക്കള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി, തങ്ങള്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസുകള്‍ കണ്ടെത്തി അത് ഡിക്ലറേഷനില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. നേതാക്കള്‍ക്കെതിരേ കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാലാണ് ബി.ജെ.പി. അതേക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. ഡിക്ലറേഷനില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്ന് കണ്ടാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. കമ്മിഷനില്‍നിന്ന് ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടി ആരംഭിക്കാനാണ് പാര്‍ട്ടി ആലോചിച്ചിട്ടുള്ളത്.
ബി.ജെ.പി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിന്റെ നേതൃത്വത്തിലാണ് കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 27 കേസുകളിലെ പ്രതിയാണെന്ന് ബി.ജെ.പി. ലിസ്‌റ്റെടുത്തിട്ടുണ്ട്. മന്ത്രി ഇ.പി. ജയരാജനെതിരേ ഏഴു കേസുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് നാല് കേസുകളുണ്ട്. എം.എല്‍.എ.മാരായ എം. സ്വരാജിനെതിരേ ഏഴും ടി.വി. രാജേഷിനെതിരേ എട്ടും കേസുകളുമുണ്ട്. മറ്റ് സി.പി.എം. നേതാക്കളുടെയും ഇടത് നേതാക്കളുടെയും കേസിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.വി. സാബു ‘മാതൃഭൂമി’യോട് പറഞ്ഞു.
കെ. സുരേന്ദ്രനെതിരേ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി കിടന്നിരുന്ന കേസുകളെല്ലാം കണ്ടെത്തി അദ്ദേഹത്തെ കോടതികളില്‍നിന്ന് കോടതിയിലേക്കും ജയിലില്‍നിന്ന് ജയിലിലേക്കും കൊണ്ടുപോയതിനു പിന്നിലെ സി.പി.എം. ഗൂഢാലോചനയ്ക്ക് തിരിച്ചടി നല്‍കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ കോടതികളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ കേസുകള്‍ പരിശോധിച്ചാല്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെല്ലാം പ്രതികളാണെന്ന് വ്യക്തമാവും. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നിരിക്കെ, അധികാരം ഉപയോഗിച്ച് വിവിധ കോടതികളില്‍നിന്ന് െപ്രാഡക്ഷന്‍ വാറന്റ് സംഘടിപ്പിച്ച് കെ. സുരേന്ദ്രനെതിരേ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയായിരുന്നു. അതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും സാബു വ്യക്തമാക്കി.
Leave a Comment