ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറും രാജിവച്ചേക്കും..? അഭ്യൂഹങ്ങള്‍ തള്ളി ആര്‍ബിഐ; സി.ബി.ഐയും ആര്‍.ബി.ഐയും മുമ്പില്ലാത്ത വിധം ദുരന്തം നേരിടുന്നു

മുംബൈ: ഊര്‍ജിത് പട്ടേല്‍ രാജിവച്ചതിന് പിന്നാലെ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്ന് ആര്‍.ബി.ഐ വക്താവ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഊര്‍ജിത് പട്ടേല്‍ രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഡെപ്യൂട്ടി ഗവര്‍ണര്‍ ആചാര്യയും രാജിക്കൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഒക്ടോബര്‍ 26 ന് നടത്തിയ പ്രസംഗത്തില്‍ റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരം സംരക്ഷിക്കണമെന്ന് ആചാര്യ എടുത്തുപറഞ്ഞിരുന്നു.

റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മില്‍ ഭിന്നതയുണ്ടെന്ന സൂചനകള്‍ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ ഇടപെടലുണ്ടാകുന്നത് അപകടകരമാണെന്നും 90 മിനിട്ട് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഊര്‍ജിത് പട്ടേലിന്റെ നിലപാടുകളെ പിന്തുണച്ചാണ് ആചാര്യ അന്ന് സംസാരിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹം രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

അതിനിടെ ആര്‍ബിഐ അടക്കമുള്ള സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കം തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമെടുത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബി.ജെ.പിക്കെതിരെ വിശാല സഖ്യം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞ്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ മാധ്യമങ്ങളെക്കണ്ടത്. ഊര്‍ജിത് പട്ടേലിന്റെ രാജി ഞെട്ടിക്കുന്നതാണെന്ന് യോഗത്തില്‍ പങ്കെടുത്ത മമത ബാനര്‍ജി പറഞ്ഞു. സി.ബി.ഐയും ആര്‍.ബി.ഐയും അടക്കമുള്ള സ്ഥാപനങ്ങള്‍ ദുരന്തം നേരിടുകയാണ്. മുമ്പൊന്നും ഇത്തരം സാഹചര്യം രാജ്യത്തുണ്ടായിട്ടില്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ഊര്‍ജിത് പട്ടേല്‍ രാജിവച്ച സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുടക്കം കുറിച്ചുവെന്നും അവര്‍ ആരോപിച്ചു.

ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും യോഗത്തില്‍ ധാരണയായതായി രാഹുല്‍ഗാന്ധി പറഞ്ഞു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച പുറത്തുവരാനിരിക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ന്യൂഡല്‍ഹിയില്‍ യോഗംചേര്‍ന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ചുചേര്‍ക്കുന്നതിന് മുന്‍കൈയ്യെടുത്തത്.

രാഹുല്‍ഗാന്ധിക്കും മമത ബാനര്‍ജിക്കും പുറമെ മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍സിങ്, എച്ച്.ഡി ദേവഗൗഡ, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, എന്‍.സി.പി നേതാവ് ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി രാജ, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നേതാവ് ബാബുലാല്‍ മറാന്‍ഡി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, ഗുലാംനബി ആസാദ്, അശോക് ഗെലോട്ട് തുടങ്ങിയവര്‍ ഗോയത്തില്‍ പങ്കെടുത്തുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment