മട്ടന്നൂര്‍: സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഇനി നിമിഷങ്ങള്‍ മാത്രം. രാവിലെ 9.55ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസായ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്യും.
അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ പുറപ്പെടാനുള്ള യാത്രക്കാരെല്ലാം ആറ് മണിക്ക് തന്നെ എത്തി. ഇവരെ രാവിലെ ആറിന് വായന്തോട്ട് സ്വീകരിച്ചു. അവിടെ നിന്ന് പ്രത്യേക ബസ്സില്‍ വിമാനത്താവളത്തിലേക്ക് ആനയിച്ചു. ഇവരെ മന്ത്രിമാരായ ഇ.പി ജയരാജനും, കെ.കെ ശൈലജയും ചേര്‍ന്ന് സ്വീകരിച്ചു. സെല്‍ഫ് ചെക്കിങ് മെഷീന്റെ ഉദ്ഘാടനം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അതിന് ശേഷം വിഐപി ലോഞ്ചിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഇതിനിടെ ഉദ്ഘാടനച്ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതില്‍ യാത്രക്കാരന്‍ പ്രതിഷേധിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ചിത്രവും എയര്‍പോര്‍ട്ടിന്റെ ചിത്രവും ഉള്‍പ്പെടുത്തിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം 9.30ന് ഇരുവരും ചേര്‍ന്ന് നിര്‍വഹിക്കും. 10ന് മുഖ്യവേദിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷതവഹിക്കും. ജനത്തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും പോലീസും വിപുലമായ സന്നാഹങ്ങളാണൊരുക്കുന്നത്. കര്‍ശനമായ ഗതാഗത നിയന്ത്രണമുണ്ടാകും. എട്ടുമണിക്ക് വിമാനത്താവളത്തിലെ എ.ടി.എം. മന്ത്രി എ.കെ. ശശീന്ദ്രനും ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍ മന്ത്രി കെ.കെ. ശൈലജയും മലബാര്‍ കൈത്തറി ഇന്‍സ്റ്റലേഷന്‍ അനാവരണം മന്ത്രി ഇ.പി. ജയരാജനും ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് മന്ത്രി ഇ. ചന്ദ്രശേഖരനും ഉദ്ഘാടനംചെയ്യും.
മുഖ്യവേദിയില്‍ ഉത്തരകേരളത്തിലെ തനത് കലകളുടെ അവതരണം നടക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് തീരുമ്പോഴാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം. കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, സഹമന്ത്രി ജയന്ത് സിന്‍ഹ, സംസ്ഥാന മന്ത്രിമാര്‍, എം.പി.മാര്‍, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും.
ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് ടെര്‍മിനലിന്. 24 ചെക്കിന്‍ കൗണ്ടറുകളുണ്ട്. തന്നെയുമല്ല ആവശ്യാനുസരണം ഭാവിയില്‍ ഇത് 48 ആയി വര്‍ധിപ്പിക്കാനും കഴിയും. 3050 മീറ്ററാണ് റണ്‍വേയുടെ നീളം. ഇത് ഭാവിയില്‍ 4000 മീറ്റര്‍ വരെയായി വര്‍ധിപ്പിക്കും. സെല്‍ഫ് ബാഗേജ് സംവിധാനമാണ് മറ്റൊരു പ്രത്യേകത.