ആകാംക്ഷയോടെ ആരാധകര്‍: ഒടിയന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഈ മാസം എട്ടിന് വൈകിട്ട് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഈ മാസം എട്ടിന് വൈകിട്ട് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍ നടക്കും. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ്, സിദ്ദീഖ് തുടങ്ങിയ ചിത്രത്തിലെ അഭിനേതാക്കളും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവരും പങ്കെടുക്കും. 14ന് പുലര്‍ച്ചെ ആറിന് ഫാന്‍സ് ഷോകള്‍ ദുബൈ മാളിലെ റീല്‍ സിനിമാസിലും അബുദാബി ഖാലിദിയ മാളിലെ സിനി റോയലിലും നടക്കും.
വേള്‍ഡ് വൈഡ് ഫിലിംസാണ് ഒടിയന്‍ ഗള്‍ഫില്‍ വിതരണം ചെയ്യുന്നത്. ഇത്രയും ആകാംക്ഷയോടെ ഇതിന് മുന്‍പൊരു മലയാള ചിത്രത്തെ ആരും കാത്തിരുന്നിട്ടില്ലെന്നും ഒടിയന് വന്‍ വരവേല്‍പ് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വേള്‍ഡ് വൈഡ് ഫിലിംസ് ഡയറക്ടര്‍മാരായ നൗഫല്‍ അഹമ്മദും ബ്രിജേഷ് മുഹമ്മദും പറഞ്ഞു. നടന്‍ മിഥുന്‍ രമേശ്, ഇക്വിറ്റി പ്ലസ് പ്രതിനിധി ജൂബി കുരുവിള, ആഡ് സ്പീക്കിങ് എംഡി ദില്‍ഷാദ്, വേള്‍ഡ് വൈഡ് ഫിലിംസ് പ്രതിനിധി ഷാരു വര്‍ഗീസ് എന്നിവരും സംബന്ധിച്ചു.
പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി ഒരുക്കിയ ഒടിയന്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്. ചിത്രം ഈ മാസം 14ന് ഇന്ത്യയിലും ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമടക്കം റിലീസാകും. ഇതിന് മുന്‍പ് മറ്റൊരു മലയാള ചിത്രത്തിനും ലഭിക്കാത്ത വരവേല്‍പാണ് ഒടിയന് ലഭിക്കുക. ദുബൈയിലെ തിയറ്ററുകളില്‍ ഒടിയന്റെ കട്ടൗട്ടുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നത് ഇക്കാര്യം വിളിച്ചോതുന്നു. അഡ്വാന്‍സ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

pathram:
Related Post
Leave a Comment