അഡ്ലെയ്ഡ് ടെസ്റ്റ്: രാഹുലിനും വിരാട് കോലിക്കും ആരാധകരുടെ പൊങ്കാല!

അഡ്ലെയ്ഡ്: ലോകേഷ് രാഹുലിനും വിരാട് കോലിക്കും ആരാധകരുടെ പൊങ്കാല. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്. രാഹുല്‍ രണ്ട് റണ്‍സിനും കോലി മൂന്നിനുമാണ് പുറത്തായത്. ഇരുവര്‍ക്കും മോശം ഷോട്ട് സെലക്ഷനാണ് വിനയായത്.
രണ്ടാം ഓവറില്‍ ജോഷ് ഹെയ്സല്‍വുഡിന്റെ അവസാന പന്തില്‍ ഫിഞ്ചിന് ക്യാച്ച് സമ്മാനിച്ചാണ് രാഹുല്‍ മടങ്ങിയത്. എട്ട് പന്തില്‍ നിന്നായിരുന്നു രണ്ട് റണ്‍സ് സമ്പാദ്യം. കൗമാര ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പരിക്കേറ്റതോടെയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ രാഹുലിന് നറുക്കുവീണത്. എന്നാല്‍ രാഹുല്‍ ഈ അവസരം തുലച്ചത് ആരാധകര്‍ക്ക് അത്ര രസിച്ചില്ല.
ഓസ്ട്രേലിയക്ക് തിരിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുംതൂണ്‍ എന്നാണ് കിംഗ് കോലി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ 11-ാം ഓവറിലെ മൂന്നാം പന്തില്‍ ഓഫ് സ്റ്റംപിന് പുറത്ത് കമ്മിണ്‍സ് തീര്‍ത്ത കെണിയില്‍ കോലി കുടുങ്ങുകയായിരുന്നു. ടെസ്റ്റിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ 16 പന്തിലാണ് വെറും മൂന്ന് റണ്‍സ് നേടിയത്. ഉസ്മാന്‍ ഖവാജയുടെ മിന്നും ക്യാച്ചും കോലിയുടെ പുറത്താകലിന് കാരണമായി.

pathram:
Related Post
Leave a Comment