ഒടിയന്റെ ക്ലൈമാക്‌സിനെകുറിച്ച് സാം സിഎസ്

ലാലേട്ടന്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14ന് റിലീസ് ചെയ്യാനിരിക്കെ ക്ലൈമാക്‌സിനെ കിറിച്ച് വെളിപ്പെടുത്തി സാം സിഎസ്. ഒടിയന് പശ്ചാത്തല സംഗീതമൊരുക്കുന്ന സാം സിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഒടിയന്റെ ക്ലൈമാകസിനെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സാം എത്തിയിരുന്നത്.
ഒടിയന്റെ ക്ലൈമാക്സ് ബിജിഎം താനാണ് ഇനി ചെയ്യാന്‍ പോകുന്നതെന്നും മരണമാസ് ക്ലൈമാക്സ് തന്നെയാണ് ഒടിയന്‍ ടീം ഒരുക്കിയിരിക്കുന്നതെന്നും സാം സിഎസ് പറയുന്നു. ആ ക്ലൈമാക്സിനു സംഗീതം ഒരുക്കാന്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും സാം പറയുന്നു. മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്സ് ആയിരിക്കും ചിത്രത്തിന്റെതായി ഒരുക്കുന്നതെന്നാണ് സാം സിഎസ് പറയുന്നത്. ഒടിയനു മുന്‍പേ വിജയ് സേതുപതിയുടെ വിക്രം വേദയിലൂടെ ശ്രദ്ധേയനായ ആളാണ് സാം.
ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം നേരത്തെ ചൂടപ്പം പോലെ വിറ്റുതീര്‍ന്നിരുന്നു. ഒടിയന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെയുളള ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒടിയന്റെ വമ്പന്‍ റിലീസിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്.
ലോകമെമ്പാടുമായി 3000-4000 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം കേരളം കണ്ട എറ്റവും വലിയ റിലീസായിട്ടാവും തിയ്യേറ്ററുകളിലെത്തുക. കേരളത്തില്‍ മാത്രമായി 500ലധികം സ്‌ക്രീനുകളിലായിരിക്കും ചിത്രം ആദ്യദിനം പ്രദര്‍ശനത്തിനെത്തുക.
ഒടിയന്റെ മലയാളം പതിപ്പിനൊപ്പം തെലുങ്ക് വേര്‍ഷനും ഒരേ സമയം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന്‍ അവിടെ റിലീസ് ചെയ്തപ്പോള്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ജൂനിയര്‍ എന്‍ടി ആറിന്റെ ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ തെലുങ്ക് പ്രേക്ഷകര്‍ക്കും സുപരിചിതനായി മാറിയിരുന്നത്. ഇന്ത്യയില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ക്കൊപ്പം വിദേശത്ത് നിരവധി സെന്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിലും ചിത്രത്തിന്റെ ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

മോഹന്‍ലാലിന്റെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ഒടിയനുളളത്. ഇതിനു മുന്‍പ് എറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ലാലേട്ടന്‍ ചിത്രം പുലിമുരുകന്‍ മാത്രമായിരുന്നു. ഈ റെക്കോര്‍ഡ് ഒടിയന്‍ തകര്‍ക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം പോളണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ,ജപ്പാന്‍,ഗള്‍ഫ് രാജ്യങ്ങള്‍, യുഎസ്എ, യുകെ, ഇറ്റലി,ജര്‍മ്മനി,ഉക്രൈന്‍,ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവിടങ്ങളിലും പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

ഫാന്റസി ത്രില്ലറായാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ ലാലേട്ടന്റെ നായികയാവുന്നത്. പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നരേന്‍, നന്ദു പൊതുവാള്‍, സിദ്ധിഖ്, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്. ഒടിയനില്‍ പീറ്റര്‍ ഹെയ്വന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഒടിയനു വേണ്ടിയും ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

pathram:
Related Post
Leave a Comment