വനിതാ മതില്‍ യുവതീപ്രവേശത്തിനാണെങ്കില്‍ പിന്മാറുമെന്ന് സി.പി. സുഗതന്‍; 52 സംഘടനകളും പിന്മാറും

തിരുവനന്തപുരം: സര്‍ക്കാറിന്റെ വനിതാമതില്‍ തുടക്കത്തിലെ വിള്ളല്‍. വനിതാ മതില്‍ യുവതീപ്രവേശത്തിനാണെങ്കില്‍ പിന്മാറുമെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍. വനിതാ മതില്‍ സംഘാടകസമിതി ജോയിന്റ് കണ്‍വീനറാണു സുഗതന്‍. മതില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ടല്ല. യുവതീപ്രവേശത്തെ താന്‍ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമാകുംവരെ യുവതീപ്രവേശം പാടില്ലെന്നാണു നിലപാടെന്നും സുഗതന്‍ പറഞ്ഞു.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നവോത്ഥാന സംരക്ഷണത്തിനു വനിതാ മതില്‍ പ്രതിരോധം തീര്‍ക്കാനുള്ള സംഘാടകസമിതിയില്‍ സുഗതനെ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിലപാടു വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തിയത്. അതേസമയം, വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍നിന്ന് 52 സംഘടനകള്‍ പിന്മാറുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരനും പറഞ്ഞു.
സുഗതനെ ഭാരവാഹിയാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനമാണുയരുന്നത്. വനിതാ മതില്‍ തീര്‍ക്കാനുള്ള സമിതിയില്‍ ഒരു സ്ത്രീയെപ്പോലും ഉള്‍പ്പെടുത്താത്തതിനെതിരെ ഇടതു സഹയാത്രികരും രംഗത്തെത്തി. അതിനിടെ, തന്റെ പേര് സമിതിയില്‍ നിന്നു നീക്കണമെന്നു ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സാമൂഹിക, സമുദായ സംഘടനാ നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണു സുഗതനെ സംഘാടകസമിതി ജോയിന്റ് കണ്‍വീനറാക്കിയത്. ഹാദിയ കേസില്‍ രൂക്ഷമായി പ്രതികരിച്ച സുഗതന്‍ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയത് ഓര്‍മിപ്പിച്ച് ഇതോടെ പലരും രംഗത്തെത്തി. ശബരിമലയില്‍ തുലാമാസ പൂജ നടക്കുമ്പോള്‍ യുവതീപ്രവേശം ചെറുക്കാന്‍ സുഗതനും സന്നിധാനത്ത് എത്തിയിരുന്നു. പിന്നീട് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനൊപ്പമാണ് അവിടെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. സുഗതന്റെ ഫെയ്‌സ്ബുക് പോസ്റ്റുകള്‍ സ്ത്രീവിരുദ്ധമാണെന്നും ആരോപണമുണ്ട്.
സിപിഎം അനുകൂല നിലപാടു സ്വീകരിക്കുന്നവരെ സുഗതന്‍ വിമര്‍ശിക്കാറുണ്ട്. ശബരിമല ഉള്‍പ്പെടെ വിഷയങ്ങളില്‍ ഹിന്ദു സംരക്ഷണത്തിനു വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടു സ്വീകരിക്കുന്നില്ലെന്നു ബിജെപി നേതാക്കളെ കുറ്റപ്പെടുത്തിയും കുറിപ്പുകളിട്ടു. അയോധ്യയില്‍ കര്‍സേവയ്ക്കു പോയിട്ടുള്ള സുഗതന്‍ ഇനിയും രാമക്ഷേത്രം നിര്‍മിക്കാത്തതില്‍ നിരാശയും പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു

pathram:
Leave a Comment