ഭുവനേശ്വര്‍:ഹാട്രിക് കിരീട സ്വപ്നവുമായി ഭുവനേശ്വറിലെത്തിയ ഓസ്‌ട്രേലിയയ്ക്ക് ഹോക്കി ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ കഷ്ടിച്ച് ജയിച്ചു. പൂള്‍ ബിയിലെ ആദ്യ മല്‍സരത്തില്‍ നിലവിലെ ലോകചാംപ്യന്മാര്‍ 2-1ന് അയര്‍ലന്‍ഡിനെ തോല്‍പിച്ചു.
ലോക ഒന്നാം നമ്പരായിരുന്നിട്ടും ഓസ്‌ട്രേലിയയ്ക്കു പത്താം സ്ഥാനക്കാരായ അയര്‍ലന്‍ഡിനെതിരെ കഷ്ടപ്പെട്ടാണു ജയിക്കാനായത്. ബ്ലേക്ക് ഗോവേഴ്‌സ്, ടിം ബ്രാന്‍ഡ് എന്നിവരാണ് ഓസ്‌ട്രേലിയയ്ക്കായി ഗോള്‍ നേടിയത്. അയര്‍ലന്‍ഡിന്റെ ഏകഗോള്‍ ഷെയ്ന്‍ ഒ ഡോണോഹ്യുവിന്റെ സ്റ്റിക്കില്‍നിന്നായിരുന്നു. അതേസമയം, ലോകഹോക്കിയിലെ കുഞ്ഞന്മാരായ ചൈന 2-2 ന് ലോക ഏഴാം നമ്പരുകാരായ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു.
2010, 2014 ലോകകിരീടങ്ങള്‍ പേരിലുള്ള ഓസ്‌ട്രേലിയ പതിവുഫോമിന്റെ നിഴല്‍ മാത്രമായിരുന്നു ഇന്നലെ കളത്തില്‍. നാലാം മിനിറ്റില്‍ ഗോളിലേക്ക് ആദ്യ ഷോട്ടെടുത്ത് അയര്‍ലന്‍ഡായിരുന്നു. എന്നാല്‍, ഓസ്‌ട്രേലിയ ഗോള്‍കീപ്പര്‍ ആന്‍ഡ്രു ചാര്‍ട്ടറിന്റെ ഡബിള്‍ സേവാണ് അവരെ രക്ഷപ്പെടുത്തിയത്. സീന്‍ മുറേയുടെയും മാത്യു നെല്‍സണിന്റെയും ഷോട്ടുകള്‍ ചാര്‍ട്ടര്‍ തടുത്തു.
പിന്നീട് ആത്മവിശ്വാസത്തോടെ തിരിച്ചടിച്ചാണ് ബ്ലേക്ക് ഗോവേഴ്‌സിലൂടെ 11ാം മിനിറ്റില്‍ ഓസ്‌ട്രേലിയ ആദ്യ ഗോള്‍ നേടിയത്. 2 മിനിറ്റിനകം ഡോണോഹ്യൂവിന്റെ ഗോളില്‍ അയര്‍ലന്‍ഡ് ഒപ്പമെത്തിയതോടെ കളി മാറി. രണ്ടാം ക്വാര്‍ട്ടറിന്റെ അവസാന നേരത്ത് ഓസ്‌ട്രേലിയയ്ക്കു തുടര്‍ച്ചയായി പെനല്‍റ്റി കോര്‍ണറുകള്‍ കിട്ടി. പിന്നാലെ ഇടവേളയ്ക്കു ശേഷം രണ്ടാം മിനിറ്റില്‍ ടിം ബ്രാന്‍ഡിലൂടെ ഓസ്‌ട്രേലിയ വിജയഗോള്‍ നേടി ദീര്‍ഘ നിശ്വാസമുതിര്‍ത്തു.
ലണ്ടനില്‍ ഈയിടെ നടന്ന ലോകഹോക്കി ലീഗില്‍ എട്ടാം സ്ഥാനക്കാരായ ചൈന അന്നേ വരവറിയിച്ചതാണ്. ദുര്‍ബലരെന്നു കരുതിയ ചൈനയാണ് 5ാം മിനിറ്റില്‍ സിയാവോപിങ്ങിലൂടെ ലീഡ് നേടിയത്. പന്തവകാശത്തില്‍ ഇംഗ്ലണ്ട് 68% കൈവശപ്പെടുത്തി വച്ചപ്പോഴായിരുന്നു ഈ ചൈനീസ് സാഹസം! എന്നാല്‍, 14ാം മിനിറ്റില്‍ മാക്ക് ഗ്ലെഹോണിന്റെ പെനല്‍റ്റി കോര്‍ണറിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു. 48ാം മിനിറ്റില്‍ അന്‍സെല്‍ നേടിയ ഗോളില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (2-1). 57ാം മിനിറ്റില്‍ ഗോള്‍കീപ്പറെ പിന്‍വലിച്ച ചൈന പകരമായി ഒരു ഫീല്‍ഡ് കളിക്കാരനെ കളത്തിലിറക്കി. തൊട്ടടുത്ത മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ അവര്‍ ഗോളുമാക്കി (2-2). ഇംഗ്ലണ്ടിനെതിരെ സമനില. ലോകഹോക്കിയില്‍ സമീപകാലത്തെ വലിയ ഞെട്ടലുകളില്‍ ഒന്ന്.
Leave a Comment