രഞ്ജി ട്രോഫിയില്‍ കേരളത്തിന് 186 റണ്‍സിന്റെ രണ്ടാം ഇന്നിങ്സ് ലീഡ്.. വിഷ്ണുവിന് 193 റണ്‍സ്

തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് 186 റണ്‍സിന്റെ രണ്ടാം ഇന്നിങ്സ് ലീഡ്. രണ്ടാം ഇന്നിങ്സില്‍ കേരളം 455 റണ്‍സിന് എല്ലാവരും പുറത്തായി. വിനോദ് വിഷ്ണുവിന് ഏഴു റണ്‍സ് അകലത്തില്‍ ഇരട്ടസെഞ്ചുറി നഷ്ടമായി. 193 റണ്‍സെടുത്തു പുറത്താകാതെ നിന്ന വിനോദാണ് കേരളത്തിന്റെ നെടുംതൂണ്‍. 121.1 ഓവറില്‍ കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സ് അവസാനിച്ചു. അവസാനമിറങ്ങിയ സന്ദീപ് വാര്യര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ബേസില്‍ തമ്പി 57 റണ്‍സ് നേടി. അടുത്തടുത്ത പന്തുകളില്‍ ബേസില്‍ തമ്പിയും സന്ദീപ് വാര്യരും പുറത്തായതാണ്് വിഷ്ണുവിന് അര്‍ഹിച്ച ഇരട്ട സെഞ്ചുറി നിഷേധിച്ചത്. 282 പന്തില്‍ നിന്നാണ് വിനോദ് 193 റണ്‍സെടുത്തത്. ഒരു സിക്‌സറും 23 ബൗണ്ടറികളും സഹിതമാണ് വിനോദിന്റെ ഇന്നിങ്‌സ്.
107 പന്തില്‍ രണ്ട് സിക്സിന്റേയും എട്ട് ഫോറിന്റെയും സഹായത്തോടെയാണ് ബേസില്‍ അര്‍ധ സെഞ്ചുറി നേടിയത്. ഒമ്പതാം വിക്കറ്റില്‍ 131 റണ്‍സാണ് ബേസില്‍ തമ്പി- വിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേര്‍ത്തത്. നേരത്തെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സെഞ്ചുറി നേടിയിരുന്നു. 211 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് സച്ചിന്‍ ബേബി 143 റണ്‍സെടുത്തിരുന്നത്.
ഏഴാം വിക്കറ്റില്‍ സച്ചിന്‍ ബേബിവിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സ് കൂട്ടുകെട്ടാണ് മല്‍സരത്തില്‍ കേരളത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബി- വി.എ. ജഗദീഷ് സഖ്യം കൂട്ടിച്ചേര്‍ത്ത 72 റണ്‍സ് കേരളത്തിന്റെ തിരിച്ചുവരവിന് അടിത്തറയിട്ടു. രണ്ട് സെഷന്‍ ബാക്കി നില്‍ക്കെ മത്സരത്തില്‍ രണ്ട് ടീമുകള്‍ക്കും അവസരമുണ്ട്. മത്സരം സമനിലയെങ്കില്‍ ആദ്യ ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് രണ്ട് പോയിന്റ് ലഭിക്കും. വിജയിക്കാനായാല്‍ മാത്രമെ കേരളത്തിന് പോയിന്റ് നേടാന്‍ സാധിക്കുകയുള്ളു. അവസാന ദിനമായ ശനിയാഴ്ച 191 റണ്‍സെടുത്താല്‍ മധ്യപ്രദേശിന് മല്‍സരം സ്വന്തമാക്കാം. മറുപടി ബാറ്റിങ് ആരംഭിച്ച മധ്യപ്രദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കെ പരമാവധി റണ്‍സിന്റെ ലീഡു നേടി മധ്യപ്രദേശിനെ എറിഞ്ഞുവീഴ്ത്താനാകും കേരളത്തിന്റെ ശ്രമം.

pathram:
Leave a Comment