അഡ്ലെയ്ഡ്: ഇത്തവണ ടെസ്റ്റ് പരമ്പര നേടാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഇനി ഒരിക്കലും കങ്കാരുക്കളുടെ നാട്ടില്‍ ജയിക്കാനാകില്ലെന്ന് ഇതിഹാസതാരം. ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേടാനുള്ള തയ്യാറെടുപ്പുകളിലാണ് കോലിപ്പട. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലാത്ത ടീം സമീപകാലത്തെ ഏറ്റവും ദുര്‍ബല ഓസീസ് സംഘമാണെന്നതും ഇന്ത്യ മികച്ച ഫോമിലാണ് എന്നതുമാണ് സന്ദര്‍ശകര്‍ക്ക് ഇക്കുറി കൂടുതല്‍ സാധ്യത നല്‍കുന്നത്. എന്നാല്‍ ഇത്തവണ ടെസ്റ്റ് പരമ്പര നേടാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഇനി ഒരിക്കലും കങ്കാരുക്കളുടെ നാട്ടില്‍ ജയിക്കാനാകില്ലെന്ന് ഓസീസ് ഇതിഹാസം ഡീന്‍ ജോണ്‍സ്.
ഇന്ത്യ മൂന്ന് ഫോര്‍മാറ്റുകളിലും ഓസ്ട്രേലിയയെക്കാള്‍ വളരെയധികം മുന്നിലാണ്. ഇന്ത്യന്‍ പേസര്‍മാറും മികച്ച ഫോമിലാണ്. ഇത്തവണ ഇന്ത്യക്ക് പരമ്പര നേടാനായില്ലെങ്കില്‍ ഇനി ഒരിക്കലും ജയിക്കാനാകില്ല. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 3-0നോ 2-0നോ വിജയിക്കാനാണ് സാധ്യത. ഓസ്ട്രേലിയ ഒരു ടെസ്റ്റ് പോലും ജയിക്കുമെന്ന് തോന്നുന്നില്ലെന്നും മുന്‍ താരം പറഞ്ഞു.
സാധാരണയായി ഹോം വേദിയില്‍ കളിക്കുമ്പോള്‍ ഓസീസിനെ തോല്‍പിക്കുക പ്രയാസമായിരിക്കും. എന്നാല്‍ ഓസ്ട്രേലിയക്കായി സ്ഥിരതയോടെ 40 ശതമാനം റണ്‍സ് കണ്ടെത്തുന്ന സ്മിത്ത്- വാര്‍ണര്‍ സഖ്യത്തിന്റെ അഭാവം തിരിച്ചടിയാണ്. ഓസീസ് ജയിക്കണമെങ്കില്‍ ഇരുവരുടെയും വിടവ് ആര് നികത്തുമെന്നും ജോണ്‍സ് ചോദിച്ചു.
Leave a Comment