ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് വന്‍ മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നു.
കോട്ടയം രാമപുര അമനകര വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ബെന്നി തെരുവത്ത് വിജയിച്ചു. കഴിഞ്ഞ തവണ ഇവിടെ സ്വതന്ത്രനാണു വിജയിച്ചത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എല്‍ഡിഎഫിന് ഇത്തവണ കിട്ടിയത് 16 വോട്ടാണ്. ബിജെപിക്കും വോട്ടു കുറഞ്ഞു.

പത്തനംതിട്ട നഗരസഭയില്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിമതനു ജയം. കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്ന അന്‍സര്‍ മുഹമ്മദാണു ജയിച്ചത്. വിമത സ്ഥാനാര്‍ഥിയായി മല്‍സരിച്ച അന്‍സറിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പന്തളം നഗരസഭയില്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. സിപിഎം ഇത്തവണ മൂന്നാംസ്ഥാനത്ത്. രണ്ടാം സ്ഥാനം കോണ്‍ഗ്രസിന്.

ഇടുക്കി കുടയത്തൂര്‍ പഞ്ചായത്തിലെ കൈപ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയെ അട്ടിമറിച്ചു സിപിഐ സ്വതന്ത്ര സ്ഥാനാര്‍ഥിക്കു വിജയം. സിപിഐ പ്രതിനിധി പി.കെ. ശശി ആണു 73 വോട്ടുകള്‍ക്കു സിപിഎമ്മിലെ രാജന്‍ പുന്നപ്പാറയെ പരാജയപ്പെടുത്തിയത്. ഇവിടെ സിപിഎം, സിപിഐ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുണ്ടായിരുന്നത്. സിപിഎമ്മിന്റെ സീറ്റായിരുന്നു ഇത്. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിനാണു ഭൂരിപക്ഷം. അടിമാലി പഞ്ചായത്തിലെ തലമാലി വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സഥാനാര്‍ഥി മഞ്ജു ബിജു 133 വോട്ടിന് സിപിഎമ്മിലെ സ്മിത മുനിസ്വാമിയെ പരാജയപ്പെടുത്തി. കൊന്നത്തടി പഞ്ചായത്തിലെ മുനിയറ നോര്‍ത്ത് വാര്‍ഡ് സിപിഎമ്മില്‍നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു. 194 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിനോയ് മാത്യു, സിപിഎമ്മിലെ സുധീഷ് ജോബിയെ പരാജയപ്പെടുത്തി.

വയനാട് ബത്തേരി നഗരസഭയിലെ കരിവള്ളിക്കുന്ന് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ റിനു ജോണ്‍ 51 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യുഡിഎഫിന് 422 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി റെബി പോളിനു 371 വോട്ടും ബിജെപിക്ക് 37 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.

ആലപ്പുഴയില്‍ ഫലം ഇങ്ങനെ: ബിജെപി 2, സിപിഎം 1, കോണ്‍ഗ്രസ് 1, എസ്ഡിപിഐ 1. തകഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ്, കാവാലം 10ാം വാര്‍ഡ് എന്നിവയാണു ബിജെപി ജയിച്ചത്. രണ്ടിടത്തും കോണ്‍ഗ്രസില്‍നിന്നു സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ സിപിഎം സീറ്റ് നിലനിര്‍ത്തി. തകഴി 11ാം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. പുന്നപ്ര തെക്ക് എസ്ഡിപിഐ നിലനിര്‍ത്തി.

മലപ്പുറം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന 4 വാര്‍ഡുകളില്‍ രണ്ടു സ്ഥലത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അമരമ്പലം ഉപ്പുവള്ളി വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. വളാഞ്ചേരി നഗരസഭയിലെ മീമ്പാറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം. ഫാത്തിമ നസിയ 55 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച് വാര്‍ഡ് നിലനിര്‍ത്തി. അമരമ്പലം പഞ്ചായത്ത് ഉപ്പുവള്ളിയില്‍ എല്‍ഡിഎഫ് (സ്വത) സ്ഥാനാര്‍ഥി അനിതാ രാജു 146 വോട്ടിനു ജയിച്ചു. കോണ്‍ഗ്രസിലായിരുന്ന അനിതാ രാജു രാജിവച്ചു വീണ്ടും മത്സരിക്കുകയായിരുന്നു. വട്ടംകുളം പഞ്ചായത്ത് മേല്‍മുറിയില്‍ എല്‍ഡിഎഫിലെ കെ.വി. കുമാരന്‍ 61 വോട്ടിന് വാര്‍ഡ് നിലനിര്‍ത്തി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഐക്കരപ്പടി ഡിവിഷനില്‍ യുഡിഎഫിലെ ഫൈസല്‍ കൊല്ലോളി 1354 വോട്ടിനു ജയിച്ച് ഡിവിഷന്‍ നിലനിര്‍ത്തി.

തൃശൂര്‍ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന അഞ്ച് വാര്‍ഡുകളിലും എല്‍ഡിഎഫിനു വിജയം. ഇതില്‍ ഒരെണ്ണം ബിജെപിയില്‍നിന്നു തിരിച്ചു പിടിച്ചതും ബാക്കിയെല്ലാം നിലനിര്‍ത്തിയതുമാണ്. ഇരിങ്ങാലക്കുട നഗരസഭ രണ്ടാം വാര്‍ഡില്‍ കെ.എ.കൃഷ്ണകുമാര്‍ (85 വോട്ട്), പറപ്പൂക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പി.ജെ.സിബി (161 വോട്ട്), ചേലക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഗിരീഷ് പറങ്ങോടന്‍ (121 വോട്ട്), വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് 14ാം വാര്‍ഡില്‍ പി.നിര്‍മലാദേവി (343 വോട്ട്), കടവല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ രാജന്‍ (149 വോട്ട്) എന്നിവരാണ് വിജയിച്ചത്. ഇതില്‍ പറപ്പൂക്കര പഞ്ചായത്തിലെ സീറ്റാണ് ബിജെപിയില്‍നിന്നു തിരിച്ചു പിടിച്ചത്.

എറണാകുളം തൃപ്പൂണിത്തുറ നഗരസഭ 49 വാര്‍ഡിലെ (മാരംകുളങ്ങര) ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.ജെ. ജോഷി 450 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഫ് 843, എന്‍ഡിഎ 393, യുഡിഎഫ് 287, ശിവസേന 11, നോട്ട 0. നിര്യാതനായ യുഡിഎഫ് കൗണ്‍സിലര്‍ ടി.കെ. ഷൈനിന്റെ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 82% ആയിരുന്നു പോളിങ്. 1878 വോട്ടര്‍മാരില്‍ 1534 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ മത്സരം നടന്നപ്പോള്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പോയി.

കണ്ണൂര്‍ ജില്ലയിലെ നാലു തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടു സീറ്റുകള്‍ എല്‍ഡിഎഫും രണ്ടു സീറ്റുകള്‍ യുഡിഎഫും നിലനിര്‍ത്തി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വന്‍കുളത്ത് വയല്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ പി.പ്രസീതയാണ് വിജയിച്ചത്. ഭൂരിപക്ഷം 1717. സിപിഎമ്മിലെ ഡി.ബിന്ദു സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നു രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ന്യൂമാഹി പഞ്ചായത്തിലെ ചവോക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ സി.കെ. മഹ്റൂഫ് വിജയിച്ചു. ഭൂരിപക്ഷം 50. മുസ്ലിം ലീഗിലെ കെ. സമീര്‍ വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

പന്ന്യന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ സുലാഹ ഷംസൂദ്ദീനാണു വിജയിച്ചത്. ഭൂരിപക്ഷം 229. സിപിഎമ്മിലെ പി.സമീറ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നു രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നടുവില്‍ പഞ്ചായത്തിലെ അറക്കല്‍ താഴെ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ കെ.മുഹമ്മദ് കുഞ്ഞി വിജയിച്ചു. ഭൂരിപക്ഷം 594. മുസ്ലിം ലീഗിലെ കെ.അബ്ദുല്ല മരിച്ചതിനെത്തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എന്‍സിപി സ്ഥാനാര്‍ഥി കിഴക്കയില്‍ ബാലന്‍ 1,212 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ അസീസ് ഫൈസിയെ (മുസ്‌ലിം ലീഗ്) തോല്‍പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എന്‍സിപി നേതാവ് പി.പി.കൃഷ്ണാനന്ദ് മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.
കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്ത് കുന്നിക്കോട് നോര്‍ത്ത് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. 146 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു യുഡിഎഫിലെ ലീനാ റാണി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബി.റജീനയെ പരാജയപ്പെടുത്തിയത്. 28 വര്‍ഷമായി എല്‍ഡിഎഫ് കൈവശം വച്ചിരിക്കുന്ന വാര്‍ഡായിരുന്നു ഇത്.

pathram:
Related Post
Leave a Comment