ഓസ്‌ട്രേലിയന്‍ കളിക്കാര്‍ കളിയെ വഞ്ചിക്കുന്നവരാണെന്നും സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പാരമ്പര്യത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ജയിക്കാനായി എന്തും ചെയ്യുക എന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് രീതിയ്‌ക്കെതിരെയാണ് ഗവാസ്‌കര്‍ അഞ്ഞടിച്ചത്. കളി ജയിക്കാനായി പലപ്പോഴും അതിരുവിടുന്ന ഓസ്‌ട്രേലിയന്‍ കളിക്കാര്‍ പലപ്പോഴും കളിയെ വഞ്ചിക്കുന്നവരാണെന്നും ഗവാസ്‌കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. കളി ജയിക്കാനായി കാലങ്ങളായി പിന്തുടരുന്ന അക്രമണോത്സുക സമീപനം ഓസീസ് കൈവിടരുതെന്ന മുന്‍ നായന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഗവാസ്‌കറുടെ വിമര്‍ശനം.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്തമായി കളി ജയിക്കാനായി എന്തും ചെയ്യുന്നവരാണ് ഓസ്‌ട്രേലിയക്കാര്‍. അതിനായി നിയമം ലംഘിക്കുകയും നിയമം വളച്ചൊടിക്കുകയുമെല്ലാം അവര്‍ ചെയ്യും. ഇതിനെക്കുറിച്ച് അവര്‍ തന്നെ നടത്തിയ വിശകലനത്തില്‍ നിന്ന് വ്യക്തമാവുന്നത്, അവര്‍ അത് മാറ്റാന്‍ തയാറല്ലെന്നു തന്നെയാണ്. കളിയെ വഞ്ചിക്കുക എന്നത് എവരുടെ സമീപനമാണ്. അവരെപ്പോഴും നമ്മളോട് പറയുക അതിരുവിടരുതെന്നാണ്. എന്നാല്‍ അവരുടെ അതിര് എവിടെയാണെന്ന് അവര്‍ക്ക് മാത്രമെ അറിയു. ഇന്ത്യാ-പാക് നിയന്ത്രണരേഖപോലെ സാങ്കല്‍പ്പികമാണത്.
എതിരാളികളെ മോശം വാക്കുകളിലൂടെ തളര്‍ത്തുക എന്നത് അവരുടെ പൊതു രീതിയാണ്. അത് എന്തിനാണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ അവര്‍ തോറ്റുകൊണ്ടേയിരിക്കുമ്പോള്‍ എല്ലാവരും ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പോലും തോല്‍ക്കുമ്പോള്‍ ആരാധകര്‍ ആഗ്രഹിക്കുന്നത് അവര്‍ പ്രതാപകാലത്തേക്ക് മടങ്ങിയെത്തണമെന്നാണ്. എന്നാല്‍ ഓസ്‌ട്രേലിയയുടെ കാര്യത്തില്‍ ആരും അങ്ങനെ ചിന്തിക്കില്ല. അതാണ് വ്യത്യാസം. ഒന്നര പതിറ്റാണ്ടോളം ക്രിക്കറ്റില്‍ ആധിപത്യം നിലനിര്‍ത്തിയപ്പോഴും ഓസീസിനെ ആരും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
എന്തുവിലകൊടുത്തും ജയിക്കുക എന്ന ക്രിക്കറ്റ് സംസ്‌കാരമാണ് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരുടെ വിലക്കിലേക്ക് എത്തിയ പന്തു ചുരണ്ടല്‍ സംഭവത്തിന് കാരണമെന്ന് ഓസ്‌ട്രേലിയയില്‍ ആരോപണമുയര്‍ന്നിരുന്നു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. സമീപനം മാറ്റിയാല്‍ ഓസീസിനെ എല്ലാവരും ഇഷ്ടപ്പെടുമെങ്കിലും കളി ജയിക്കാനാവില്ലെന്ന് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment