പ്രളയ സഹായമായി കേന്ദ്രം കേരളത്തിന് 3,100 കോടി രൂപ നല്‍കും; ചോദിച്ചത് 4,800 കോടി

ന്യൂഡല്‍ഹി / തിരുവനന്തപുരം: പ്രളയദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രത്തില്‍നിന്ന് ആകെ 3100 കോടി രൂപ ലഭിക്കും. ഇപ്പോള്‍ നല്‍കിയിരിക്കുന്ന 600 കോടി രൂപ കഴിച്ചാല്‍ 2500 കോടി രൂപ അധിക സഹായം ലഭിക്കും. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ കേരളത്തിനു പണം ലഭിക്കും. പ്രളയ ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4,800 കോടി രൂപയാണ്. എന്നാല്‍ ആകെ അനുവദിക്കുക 3,100 കോടി രൂപയാണ്. ഇതില്‍ 600 കോടി ഇതിനകം നല്‍കിയിട്ടുണ്ട്.

പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചിരുന്നു.

അതേസമയം പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനാ വിമാനം ഉപയോഗിച്ചതിന് കൂലി നല്‍കണമെന്ന് കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണനിധി(എസ്.ഡി.ആര്‍.എഫ്.)യില്‍നിന്ന് പണം നല്‍കണമെന്നാണ് നിര്‍ദേശം. വ്യോമസേനയ്ക്കുള്‍പ്പെടെ നല്‍കേണ്ട തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന സംസ്ഥാന ആവശ്യം തള്ളിയാണ് കേന്ദ്രത്തിന്റെ നടപടി. ഇതു സംബന്ധിച്ച കത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറി.

എയര്‍ഫോഴ്‌സ് അക്കൗണ്ട്‌സ് ഡയറക്ടറേറ്റില്‍നിന്ന് ഓഗസ്റ്റ് 11 വരെയുള്ള കണക്കുപ്രകാരം 33.79 കോടി രൂപയുടെ ബില്ലാണ് നല്‍കിയത്. അതിനുശേഷവും വിമാനം ഉപയോഗിച്ചിട്ടുണ്ട്. ഇതനുസരിച്ച് 75 കോടിയെങ്കിലും നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ഓരോ വിമാനത്തിന്റെയും ചെലവ് എയര്‍ഫോഴ്‌സ് അക്കൗണ്ട്‌സ് ഡയറക്ടേറ്റിനാണ് നല്‍കുക. അവരാണ് ബില്ല് സംസ്ഥാനത്തിന് കൈമാറുന്നത്. ദേശീയ ദുരന്തപ്രതികരണ ഫണ്ടില്‍നിന്ന് കേന്ദ്രം അനുവദിക്കുന്ന തുകയില്‍നിന്ന് ഇതു നല്‍കണമെന്നാണ് കത്തിലെ നിര്‍ദേശം.

എന്നാല്‍, ദേശീയ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 2,000 കോടി രൂപ അടിയന്തര സഹായമായി ചോദിച്ചിട്ടും 600 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇതുസംബന്ധിച്ച ബാധ്യതകളുടെ കണക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു.

സാലറി ചലഞ്ചിലടക്കം 2683.18 കോടിരൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ഇതില്‍ 688.48 കോടി രൂപ ചെലവായി. വീടുനിര്‍മാണത്തിന് 1357 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ മുഴുവന്‍ ഫണ്ട് ഉപയോഗിച്ചാലും ബാധ്യത തീര്‍ക്കാനാവാത്ത സ്ഥിതിയാണ്. 706.74 കോടി രൂപകൂടി ലഭിച്ചാലേ ബാധ്യത തീര്‍ക്കാനാകൂ.

പ്രളയകാലത്ത് റേഷന്‍ നല്‍കിയ ഇനത്തിലും പണം നല്‍കണമെന്ന് കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വിമാനം ഉപയോഗിച്ചതിലുമായി കേന്ദ്രസര്‍ക്കാരിന് 290 കോടി രൂപ നല്‍കാനുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വ്യോമസേനയ്ക്കു നല്‍കാനുള്ള തുക പിന്‍വലിക്കണമെന്ന് ആവശ്യപ്പെടില്ല. സൈനികര്‍ നല്‍കിയ മികച്ച സേവനത്തിനാണ് സര്‍ക്കാര്‍ അവരെ ആദരിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

ഹെലികോപ്ടറുകളും വിമാനങ്ങളുമുള്‍പ്പെടെ 56 എണ്ണമാണ് പ്രളയസമയത്ത് കേരളത്തില്‍ പറന്നത്. തിരുവനന്തപുരം, കോയമ്പത്തൂര്‍, ചെന്നൈ, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളില്‍നിന്നാണ് ഇവ പറന്നുയര്‍ന്നത്. അവിടെ മുതലുള്ള ചെലവാണ് കേരളം നല്‍കേണ്ടത്.

ഒരു ഹെലികോപ്ടര്‍ ഒരുമണിക്കൂര്‍ പറക്കാന്‍ മൂന്നുലക്ഷം രൂപ വരെയാണ് ചെലവ്. പ്രളയസമയത്ത് എം.ഐ.17 വി5 പോലുള്ള വലിയ ഹെലികോപ്ടറുകളും ഐ.എല്‍76, സി.ജെ. ഹെര്‍ക്കുലീസ് പോലുള്ള വലിയ വിമാനങ്ങളും കേരളത്തിലെത്തിയിരുന്നു. ഇതനുസരിച്ച് കണക്കാക്കുമ്പോള്‍ ഇപ്പോള്‍ ലഭിച്ച ബില്ലിന്റെ ഇരട്ടിയോളമെങ്കിലും ഇനിയും നല്‍കാനുണ്ടാകും.

ഓഖി ദുരന്തസമയത്ത് ഉയോഗിച്ച ഹെലികോപ്ടറിന്റെ തുകയായി 5.63 കോടി രൂപ നല്‍കണമെന്നും വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതടക്കം 30 കോടി രൂപ സംസ്ഥാനത്തിന്റെ ദുരന്തപ്രതികരണനിധിയില്‍നിന്ന് നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതു നല്‍കിയില്ലെങ്കില്‍, അത്യാവശ്യ ഘട്ടങ്ങളില്‍ വിമാനസേവനം ലഭിക്കുന്നതിന് തടസ്സമുണ്ടായേക്കുമെന്നു കണക്കാക്കിയാണ് സര്‍ക്കാരിന്റെ നടപടി.

pathram:
Related Post
Leave a Comment