മകന്‍ ഉപേക്ഷിച്ച അമ്മയ്ക്ക് 67-ാം വയസില്‍ ആദ്യപിറന്നാള്‍ ആഘോഷം പോലീസുകാരുടെ വക

മകന്‍ ഉപേക്ഷിച്ച അമ്മയ്ക്ക് 67-ാം വയസില്‍ ആദ്യപിറന്നാള്‍ ആഘോഷം. 67ാം വയസില്‍ ആദ്യമായി പിറന്നാള്‍ ആഘോഷിച്ചതിന്റെ ആനന്ദക്കണ്ണീര്‍ അനുഷ്യയുടെ കണ്ണുകളില്‍ ഇപ്പോഴുമുണ്ട്. അതും വെറുമൊരു ആഘോഷമായിരുന്നില്ല, കാക്കിയിട്ട പൊലീസുകാര്‍ ചുറ്റുനിന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പിറന്നാളായിരുന്നു.
എട്ടുമാസം മുന്‍പ് അഭയം തേടി പൊലീസ് സ്റ്റേഷന്റെ പടിവാതില്‍ക്കല്‍ എത്തിയതാണ് അനുഷ്യ. ഭര്‍ത്താവ് ഏതാനും വര്‍ഷം മുന്‍പ് മരിച്ചു. മദ്യപാനിയായ മകന്‍ വീട്ടില്‍ നിന്നും പുറത്താക്കിയതോടെ എവിടെ പോകണമെന്നറിയാതെ പൊലീസ് സ്റ്റേഷന്‍ വരാന്തയില്‍ അഭയം തേടിയതാണിവര്‍.
മകനെതിരെ പരാതിയില്ലെന്നും വേറെയെങ്ങും പോകാനുമില്ലെന്നും അറിയിച്ചതോടെ പൊലീസ് സ്റ്റേഷനും പൊലീസുകാരും ഇവര്‍ക്ക് അഭയമായി. അനുഷ്യയ്ക്ക് പൊലീസുകാര്‍ ജോലി നല്‍കി. എല്ലാ ദിവസവും രാവിലെ പൊലീസ് സ്റ്റേഷന്‍ വൃത്തിയാക്കാനുള്ള ജോലി അനുഷ്യയ്ക്ക് ലഭിച്ചു. പരിസരം വൃത്തിയാക്കുക, കുപ്പികളിലും മറ്റും വെള്ളം നിറച്ചുവയ്ക്കുക, ചെടികള്‍ നനയ്ക്കുക തുടങ്ങി ജോലികളെല്ലാം അനുഷ്യയാണ് ചെയ്യുന്നത്.ഇവര്‍ക്ക് മൂന്നു നേരത്തേക്കുള്ള ഭക്ഷണം ഏര്‍പ്പാട് ചെയ്തിരിക്കുന്നതും പൊലീസുകാരാണ്. സ്റ്റേഷന് സമീപം നങ്ങനല്ലൂര്‍ എന്ന സ്ഥലത്താണ് അനുഷ്യ താമസിക്കുന്നത്.
ചൊവ്വാഴ്ച ഇവരുടെ പിറന്നാളെന്ന് അറിഞ്ഞ പൊലീസുകാര്‍ അപ്രതീക്ഷിതമായി പിറന്നാള്‍ ആഘോഷം ഒരുക്കുകയായിരുന്നു. പതിവ് പോലെ ജോലിയ്ക്ക് എത്തിയ അനുഷ്യയെ കാത്തിരുന്നത് നിരവധി ആശംസകളായിരുന്നു. പൊലീസുകാര്‍ വാങ്ങിയ പിറന്നാള്‍ കേക്ക് നിറകണ്ണുകളോടെയാണ് അനുഷ്യ മുറിച്ചത്. സ്വന്തം മകനില്‍ നിന്ന് കിട്ടാത്ത സ്‌നേഹമാണ് ഈ അമ്മയ്ക്ക് പൊലീസുകാര്‍ നല്‍കിയത്. താന്‍ ഇതുവരെ പിറന്നാള്‍ ഒന്നും ആഘോഷിച്ചിട്ടില്ല. തന്നെപ്പോലെയൊരാളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ പൊലീസുകാര്‍ ഇത്രയേറെ കഷ്ടപ്പെട്ടത് വിശ്വസിക്കാനാകുന്നില്ല എന്നും അനുഷ്യ പറഞ്ഞു.

pathram:
Related Post
Leave a Comment