ശബരിമലയില്‍ വന്‍ പോലീസ് സന്നാഹമൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് പിറവം പള്ളിക്കേസില്‍ വിധി നടപ്പാക്കാത്തതെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ഹൈക്കോടതി. വന്‍ പോലീസ് സന്നാഹമൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും ചില കേസുകളില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിക്കേസില്‍ എന്തുകൊണ്ടാണ് വിധി നടപ്പാക്കാത്തതെന്ന് ഹൈക്കോടതി. ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം, കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള കഴിവുകേടാണ് പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടല്‍ പരോക്ഷമായി സൂചിപ്പിച്ചാണ് കോടതിയുടെ വിമര്‍ശനം.
പിറവം സെയ്ന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.
സുപ്രീംകോടതിവിധി നടപ്പാക്കാന്‍ ബാധ്യസ്ഥരാണെങ്കിലും ചില പ്രത്യേക സാഹചര്യത്തിലാണ് സര്‍ക്കാരും പോലീസും ഒന്നും ചെയ്യാതിരിക്കുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. പോലീസ് ഇടപെടാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നുണ്ട്. ജീവഹാനിക്കും ആത്മാഹുതിക്കും സാധ്യതയുണ്ടെന്നും ക്രമസമാധാനനില തകരുമെന്നും പറയുന്നു. ഇതൊഴിവാക്കാന്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നതെന്നും വിശദീകരണത്തിലുണ്ട്.
ഒത്തുതീര്‍പ്പെന്നതില്‍ ഉറച്ചുനില്‍ക്കുമോ എന്നുചോദിച്ച കോടതി, വിധിയനുസരിച്ച് നിയമപരമായി പെരുമാറുമോയെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് ഒരവസരം നല്‍കുകയാണെന്നും പറഞ്ഞു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം അനുവദിച്ച് ഹര്‍ജികള്‍ ഡിസംബര്‍ 11-ന് പരിഗണിക്കാന്‍ മാറ്റി.

കോടതിയുടെ ചോദ്യങ്ങള്‍

സുപ്രീംകോടതി വിധിയുണ്ടായിട്ടും പോലീസും സര്‍ക്കാരും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്ന് പറയുന്നത് എന്ത് നിയമാധികാരത്തിലാണ്?

സുപ്രീംകോടതിയുടെ നിലപാട് സംശയലേശമെന്യേ വ്യക്തമാണെങ്കില്‍ അധികാരികള്‍ക്ക് ഒത്തുതീര്‍പ്പ് എങ്ങനെ സാധ്യമാകും?

എതിര്‍ചേരികളുടെ അനുമതിയോടെ ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കും?

വന്‍തോതില്‍ പോലീസിനെ വിന്യസിച്ച് മറ്റുചില കേസുകളില്‍ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. നിരോധനാജ്ഞവരെ പ്രഖ്യാപിച്ചു. 200-400 പേര്‍ മാത്രം ഉള്‍പ്പെട്ട കാര്യത്തില്‍ കോടതി ഉത്തരവ് പാലിക്കുന്നതില്‍നിന്ന് എന്തുകൊണ്ട് ഒഴിഞ്ഞുമാറുന്നു?

കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് അറിഞ്ഞിട്ടും അത് നടപ്പാക്കാനാകുന്നില്ലെന്ന നിസ്സഹായാവസ്ഥ പോലീസിന് എങ്ങനെ സ്വീകരിക്കാനാകും?

അതേസമയം വിധി നടപ്പാക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പിറവം പള്ളിക്കേസില്‍ ഹൈക്കോടതി നിര്‍ദേശിച്ചാല്‍ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കാമെന്ന് സര്‍ക്കാര്‍. അല്ലെങ്കില്‍ സമാധാനപരമായ ഒത്തുതീര്‍പ്പിന് കൂടുതല്‍സമയം വേണമെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെ ഈ നിലപാട് കൗതുകകരമായി തോന്നുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കുന്നതിന് ഒത്തുതീര്‍പ്പ് സാധ്യത ആരായാമെന്ന് സുപ്രീംകോടതി വിധികളുണ്ട്. ഒത്തുതീര്‍പ്പുശ്രമം സുപ്രീംകോടതിവിധിക്ക് വിരുദ്ധമെന്ന് പറയരുതെന്നും സര്‍ക്കാര്‍ വാദിച്ചു.

പിറവം വലിയപള്ളി കേസ്

മലങ്കര സഭയിലെ പുരാതന പള്ളികളിലൊന്ന്. ഇതിനിടെ സഭാ സ്വത്തുക്കള്‍ സംബന്ധിച്ച് യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ 2018 ഏപ്രില്‍ 18-ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നു. എന്നാല്‍, വിധി നടപ്പാക്കിയില്ല. കോടതിവിധിയെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമിച്ചെങ്കിലും ഭൂരിപക്ഷമായ യാക്കോബായ വിഭാഗം ചെറുക്കുകയായിരുന്നു.

pathram:
Related Post
Leave a Comment