മോഹന്‍ലാലിനു വേണ്ടി മാത്രമാണു ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്‌കരിച്ചതെന്നു തിരക്കഥാകൃത്ത്

കോട്ടയം: മിത്തുകള്‍ ഒഴിവാക്കി മോഹന്‍ലാലിനു വേണ്ടി മാത്രമാണു ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്‌കരിച്ചതെന്നു തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരുമായി പ്രസ്‌ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണന്‍.
പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ മോഹന്‍ലാലിനെ ഒടിയനാക്കുകയായിരുന്നു. ആറോ ഏഴോ മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍ട്രോ സീനായിരുന്നു ആദ്യം എഴുതിയത്. ഒടിയനിലേക്കുള്ള വാതിലായിരുന്നു ആ സീന്‍. അതു വായിച്ചയുടനെ മോഹന്‍ലാല്‍ സിനിമയ്ക്കു സമ്മതം മൂളി ഹരികൃഷ്ണന്‍ പറഞ്ഞു.
പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു ഒടിയനിലെ മോഹന്‍ലാലിന്റെ അഭിനയം. തിരക്കഥാക്കൃത്ത് എന്ന നിലയില്‍ സംതൃപ്തനാണെന്നും ഹരികൃഷ്ണന്‍ പറയുന്നു. ലാലിന്റെ അഭിനയത്തൊടോപ്പം ശ്രീകുമാര്‍ മേനോന്‍ എന്ന സംവിധായകന്റെ മികവും പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്?ഷന്‍ രംഗങ്ങളും ഷാജി കുമാറിന്റെ ഛായാഗ്രഹണവും ഒടിയനെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 14നു രാജ്യാന്തര തലത്തില്‍ 3,500 തിയറ്ററുകളിലാണ് റിലീസ്. തെലുങ്കിലും മൊഴിമാറ്റം നടത്തി ഇതേ ദിവസം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി ഭാഷകളിലേക്കും ഒടിയന്‍ മൊഴിമാറ്റി റിലീസ് ചെയ്യുമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment