ഇതാണ് കങ്കാരുക്കളുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരം ഇശാന്ത് ശര്‍മ്മ

അഡ്ലെയ്ഡ്: ഓസ്ട്രേലിയയില്‍ ആദ്യമായൊരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാനാവും എന്ന പ്രതീക്ഷയിലാണ് ് വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമും ആരാധകരും. തങ്ങള്‍ മികച്ച ഫോമിലാണെന്നതും ഓസ്ട്രേലിയ അത്ര ശക്തരല്ലെന്നതുമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ഇന്ത്യക്ക് ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കാനുള്ള സുവര്‍ണാവസരമാണ് ഇതെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി അടക്കമുള്ളവര്‍ പറയുന്നതും അതുകൊണ്ടാണ്. ഡിസംബര്‍ ആറിന് അഡ്ലെയ്ഡില്‍ നാല് ടെസ്റ്റുകളുടെ പരമ്പര തുടങ്ങാനിരിക്കേ ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നതാണ് പേസര്‍ ഇശാന്ത് ശര്‍മ്മയുടെ വാക്കുകള്‍. ‘ഇതാണ് കങ്കാരുക്കളുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരം. സന്തുലിതമായ ടീമാണിത്. വലിയ അത്ഭുതങ്ങള്‍ കാട്ടാനുള്ള കഴിവുണ്ട് ഈ താരങ്ങള്‍ക്ക്. അതുകൊണ്ട് പരമ്പര നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി’ ഇശാന്ത് വ്യക്തമാക്കി.
ക്യാപ്റ്റന്‍ വിരാട് കോലിയുടെ നായകത്വത്തെ കുറിച്ചും ഇശാന്ത് വാചാലനായി. ‘കോലി തങ്ങളെയെല്ലാം പ്രചോദിപ്പിച്ചിട്ടുണ്ട്. പരമ്പര വിജയത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ. വ്യക്തിഗത പ്രകടനങ്ങള്‍ക്ക് പരിഗണന നല്‍കുന്നില്ല. പരമ്പര ജയം മാത്രം ലക്ഷ്യമെന്നും’ ഇശാന്ത് പറഞ്ഞു. ഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമില്‍ അംഗമാണ് ഇശാന്ത് ശര്‍മ്മ.

pathram:
Related Post
Leave a Comment