സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ എം. ഷാജി; നിയമനടപടികള്‍ തുടരും

തിരുവനന്തപുരം: തന്നെ സഭയില്‍നിന്നു മാറ്റിനിര്‍ത്തുന്നതില്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് അഴീക്കോട് എംഎല്‍എ കെ.എം. ഷാജി. റജിസ്റ്ററില്‍നിന്നും സീറ്റില്‍നിന്നും പേര് വെട്ടുമാറ്റാന്‍ അനാവശ്യതിടുക്കം കാണിക്കുകയും ചെയ്തു. സഭാംഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി മുന്‍വിധിയോടെയാണ്. നിയമസഭാ സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. നിയമനടപടികള്‍ തുടരും. എല്ലാം ഗൂഢാലോചനയുടെ ഭാഗം. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പു സ്പീക്കര്‍ക്കു നല്‍കില്ല. സഭയില്‍ പ്രവേശിക്കുമെന്നും കെ.എം. ഷാജി മനോരമ ന്യൂസിനോടു പറഞ്ഞു.
കെ.എം. ഷാജിയെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും സഭയിലെ റജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നതിനും അനുവദിച്ചു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ചൊവ്വാഴ്ച വന്നിരുന്നു. ഷാജി സഭയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാനും എംഎല്‍എയ്ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ വാങ്ങാനും പാടില്ലെന്ന് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഷാജിക്ക് ഇന്നു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തടസ്സമില്ലെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും അറിയിച്ചിട്ടുണ്ട്.
ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍, ഷാജി നിയമസഭാംഗമല്ലാതായെന്ന അറിയിപ്പു പിന്‍വലിച്ചു പുതിയ അറിയിപ്പിറക്കണമെന്നു ഷാജിയുടെ അഭിഭാഷന്‍ ഹാരീസ് ബീരാന്‍, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശിനു കത്തയച്ചു. കോടതിയുത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കി. തിരഞ്ഞെടുപ്പു വിജയം റദ്ദാക്കിയും മല്‍സരിക്കുന്നതിനു 6 വര്‍ഷം അയോഗ്യത വിധിച്ചുമുള്ള ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തു ഷാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ജനുവരി അവസാനം വാരം വീണ്ടും പരിഗണിക്കും. കോടതിയുത്തരവിന്റെ ബലത്തില്‍ എംഎല്‍എയായി തുടരാന്‍ താല്‍പര്യമില്ലെന്നും വേഗത്തില്‍ ഹര്‍ജി തീര്‍പ്പാക്കണമെന്നും ഷാജിയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടതിനാലാണു ജനുവരിയില്‍ പരിഗണിക്കാനുള്ള തീരുമാനം

pathram:
Leave a Comment