ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഡി.ജി.പി. ജേക്കബ് തോമസിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതു സംബന്ധിച്ച ഫയല്‍ ഇന്ന് വിജിലന്‍സ് മേധാവി ബി.എസ്. മുഹമ്മദ് യാസിനു കൈമാറുമെന്നാണ് സൂചന.
ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരേ അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് ശുപാര്‍ശചെയ്തിരുന്നു. ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരോട് സര്‍ക്കാര്‍ നിയമോപദേശവും തേടിയിരുന്നു.
2009 മുതല്‍ 2014 വരെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായതായാണ് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയത്. സര്‍ക്കാര്‍ അനുമതിക്കുശേഷം രേഖകളില്‍ മാറ്റം വരുത്തിയതായും ടെന്‍ഡര്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് നേരത്തേ തന്നെ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014-ല്‍ ഈ കാര്യം വിജിലന്‍സ് അന്വേഷിച്ച് ക്രമക്കേടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ അന്വേഷണം നടക്കുമ്പോള്‍ ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലന്‍സ് എ.ഡി.ജി.പി.
ഡ്രഡ്ജിങ് സംബന്ധിച്ച പരാതിയില്‍ അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) കെ.എം. എബ്രഹാം അന്വേഷണം നടത്തിയിരുന്നു. കട്ടര്‍സെക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14.96 കോടി രൂപയുടെ പൊതുനഷ്ടം സര്‍ക്കാരിന് വന്നതയും ഇടപാടുകള്‍ സുതാര്യമല്ലെന്നും കൂടിയാലോചനകള്‍ ഒന്നും നടത്താതെയാണ് ഇടപാട് നടന്നതെന്നും കണ്ടെത്തി. ഇതേതുടര്‍ന്ന് ക്രമക്കേട്, വഞ്ചന എന്നിവയുടെ പേരില്‍ ക്രിമിനല്‍ കേസ് എടുക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നിര്‍ദേശിച്ചു.
കേസില്‍ അന്വേഷണം വൈകിയതിനെ തുടര്‍ന്ന് പരാതിക്കാരനായ സത്യന്‍ നരവൂര്‍ ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ നടപടിക്ക് കോടതി നിര്‍ദേശമുണ്ടായി. പിന്നീട് അദ്ദേഹം അന്വേഷണത്തിനായി ഡിവിഷന്‍ ബഞ്ചിനെയും സമീപിച്ചിരുന്നു.
ഐ.എ.എസ്. സര്‍വീസ് നിയമാവലികള്‍ തെറ്റിച്ചതിന്റെ പേരില്‍ ജേക്കബ് തോമസ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment