ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കശ്മീരി ബ്രാഹ്മണനാണെന്നും, അദ്ദേഹത്തിന്റെ ഗോത്രം ദത്താത്രേയ ആണെന്നും പൂജാരിയുടെ വെളിപ്പെടുത്തല്‍. അടുത്തിടെ രാഹുല്‍ ഗാന്ധിയുടെ ചില ക്ഷേത്രദര്‍ശനങ്ങള്‍ സംബന്ധിച്ച് ബി.ജെ.പി ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു പൂജാരിയുടെ വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ ക്ഷേത്ര പൂജാരിയായ ദിനനാഥ് കൗളാണ് രാഹുല്‍ ഗാന്ധിയുടെയും കുടുംബത്തിന്റെയും ഗോത്രത്തെ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
രാജസ്ഥാനിലെ പുഷ്‌കര്‍ ക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗാന്ധി ദിനനാഥ് കൗളിന്റെ കാര്‍മികത്വത്തിലാണ് പൂജാകര്‍മ്മങ്ങള്‍ നടത്തിയത്. പൂജയ്ക്കായി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ അദ്ദേഹം തന്റെ ഗോത്രം ദത്താത്രേയ ആണെന്നും, താന്‍ കശ്മീരി ബ്രാഹ്മണനാണെന്ന് പറഞ്ഞതായും ദിനനാഥ് കൗള്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂജയ്ക്കിടെ ഏത് ഗോത്രമാണെന്ന് ചോദിച്ചപ്പോഴായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം വെളിപ്പെടുത്തിയതെന്നും കൗള്‍ വ്യക്തമാക്കി.
‘രാഹുല്‍ ഗാന്ധിയുടെ ഗോത്രം ദത്താത്രേയയാണ്. അദ്ദേഹം ഒരു കശ്മീരി ബ്രാഹ്മണനാണ്. മോത്തിലാല്‍ നെഹ്റു, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, സോണിയ ഗാന്ധി, മനേക ഗാന്ധി തുടങ്ങിയവരെല്ലാം ഇവിടെ ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തിയിട്ടുണ്ട്. അതിന്റെ തെളിവുകളെല്ലാം ഞങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്’- ദിനനാഥ് കൗള്‍ പറഞ്ഞു.
ദത്താത്രേയ ഗോത്രത്തില്‍പ്പെട്ടവര്‍ കൗള്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്നും, അവര്‍ കശ്മീരി ബ്രാഹ്മണന്മാരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചരണത്തിനെത്തിയ രാഹുല്‍ ക്ഷേത്രങ്ങളും അജ്മീര്‍ ദര്‍ഗ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രദര്‍ശനം ജനങ്ങളെ കബളിപ്പിക്കാനാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ ഇതെല്ലാം ചൂടേറിയ ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് രാജസ്ഥാനിലെ പൂജാരി രാഹുല്‍ ഗാന്ധിയുടെ ഗോത്രത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.