ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപിക്ക് മുഖ്യമന്ത്രി അവസരം ഒരുക്കുന്നു, ആര്‍എസ്എസിന്റെയും ബിജെപിയുടെയും പടത്തലവനാണു പിണറായിയെന്നും എ കെ ആന്റണി

കോഴിക്കോട് :മുഖ്യമന്ത്രി പിണറായിവിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മുഖ്യമന്ത്രി പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. പിണറായിയേക്കാള്‍ മുമ്പേ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താനെന്നും നിലപാടുകള്‍ എക്കാലത്തും കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. ഒന്നും ഒളിക്കാനില്ല. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പടത്തലവനാണു പിണറായിയെന്നും ആന്റണി പറഞ്ഞു. ബിജെപിക്കും ആര്‍എസ്എസിനും വെള്ളവും വളവും നല്‍കുന്നത് ആന്റണിയാണെന്ന പിണറായിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപിക്ക് മുഖ്യമന്ത്രി അവസരം നല്‍കിയിരിക്കുകയാണ്. മണ്ഡലകാലം മുഴുവന്‍ ശബരിമല സംഘര്‍ഷഭരിതമാക്കാനാണ് ഇവരുടെ ശ്രമം. സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാടെ പരാജയപ്പെട്ടത് ഒളിക്കാനുള്ള മറയായാണു മുഖ്യമന്ത്രി വിഷയത്തെ കാണുന്നത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുത്തണമെങ്കില്‍ ഏറെ ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്നും ആന്റണി പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.

pathram:
Related Post
Leave a Comment