കെ സുരേന്ദ്രനെ കോഴിക്കോട് നിന്ന് കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി

കോഴിക്കോട്: ബി ജെ പി നേതാവ് കെ സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. മണ്ഡലകാലം മുഴുവന്‍ തന്നെ ജയിലിലിടാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതില്‍ ഇടപെടണമെന്നും സുരേന്ദ്രന്‍ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടു പോകും വഴി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സന്നിധാനം കേസില്‍ ജാമ്യം കിട്ടുമെന്ന് മനസ്സിലായപ്പോള്‍, ചിറ്റാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചുവെന്നും പോലീസുകാരനെ പരിക്കേല്‍പിച്ചുവെന്നും പോലീസ് വീണ്ടും കേസ് ചുമത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍ എസ് പി മാര്‍ച്ച് ഓഫീസിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ സുരേന്ദ്രനെതിരെ കണ്ണൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസില്‍ വാറന്റായതിനെ തുടര്‍ന്നാണ് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കാന്‍ കൊട്ടാരക്കര സബ്ജയിലില്‍നിന്ന് ഞായറാഴ്ച സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഞായറാഴ്ച രാത്രി കോഴിക്കോട് സബ് ജയിലിലാണ് സുരേന്ദ്രനെ പാര്‍പ്പിച്ചത്.
ശബരിമല വിഷയം ആരംഭിച്ചതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരില്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലും മ്യൂസിയം സ്റ്റേഷനിലുമുണ്ടായിരുന്ന കേസുകള്‍ പിന്‍വലിച്ചതായും സുരേന്ദ്രന്‍ ആരോപിച്ചു.
ഇത്ര ഭീരുക്കളാണോ മുഖ്യമന്ത്രിയും കോടിയേരിയുമെന്നും സുരേന്ദ്രന്‍ ആരാഞ്ഞു. ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ ഒരു വനിത ബലാല്‍സംഗ പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇന്ന് പതിനൊന്നുമണിയോടെ സുരേന്ദ്രനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കും.

pathram:
Leave a Comment