തിരുവനന്തപുരം : പീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിനു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്‍ കത്തയച്ചു. പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കടുത്ത നടപടി എടുക്കണമെന്നാണ് കത്തിലെ ആവശ്യം. ഇന്ന് വിഷയം സംസ്ഥാന സമിതി പരിഗണിക്കാനിരിക്കെയാണു വിഎസിന്റെ നീക്കം. ശശിക്കെതിരായ അച്ചടക്ക നടപടിക്കൊപ്പം 2 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ കൂടി സിപിഎം അന്വേഷണ കമ്മിഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ വനിതാ നേതാവിനോടു വാക്കുകളാല്‍ അപമര്യാദ കാട്ടി എന്നാണു ശശിക്കെതിരെ പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തല്‍. ഇതു ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നാണു നിരീക്ഷണം. കടുത്ത നടപടിക്കു മുതിരില്ലെന്നതിന്റെ സൂചനയാണിത്.
അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കു വരും. സിപിഎമ്മിന് അവമതിപ്പുണ്ടാക്കുംവിധം ശശിക്കെതിരായ പരാതി വളച്ചൊടിച്ചു എന്ന കുറ്റമാണു ജില്ലാ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്.
ശശി വ്യക്തിജീവിതത്തിലെ നല്ല പെരുമാറ്റമര്യാദയാണു ലംഘിച്ചതെങ്കില്‍ മറ്റുള്ളവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ പാലിക്കേണ്ട സാമാന്യ അച്ചടക്കം ലംഘിച്ചു. ബോധപൂര്‍വം പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ മോശമാക്കി ചിത്രീകരിക്കുന്ന പ്രവൃത്തിയാണ് ഇവരുടേത്. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ നിര്‍ദേശപ്രകാരമാണു അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Leave a Comment