പിറവത്ത് സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ഗുണ്ടായിസം: സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: ആശുപത്രിയില്‍ കയറി സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ഗുണ്ടായിസം. പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അറസ്റ്റിന് വഴങ്ങാതെ അക്രമിസംഘം രക്ഷപെട്ട് പോകുകയും ചെയ്തു.
സിപിഎം പ്രാദേശിക നേതാവും നഗരസഭാ കൗണ്‍സിലറുമായ അജേഷ് മനോഹര്‍, എഐവൈഎഫ് പ്രവര്‍ത്തകര്‍ സുമേഷ് മാധവന്‍, അനന്തു ഗോപിനാഥന്‍ എന്നിവര്‍ രാവിലെ പത്തരയോടെ പിറവം താലൂക്ക് ആശുപത്രിയില്‍ എത്തുന്നു.
പരിസരം നിരീക്ഷിച്ച് ഏതാനും മിനിറ്റുകള്‍, പിന്നാലെ ആശൂപത്രി അത്യാഹിത വിഭാഗത്തിലേക്ക് കടന്നുകയറി അതിക്രമം തുടങ്ങുന്നു. തൊട്ടുമുന്‍പ് അവിടെ എത്തിയിരുന്ന കോണ്ഗ്രസിന്റെ കര്‍ഷക സംഘടനാ നേതാവ് ഡി.കെ. ലാലു ആയിരുന്നു ഇര. പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം മൃഗീയ മര്‍ദ്ദനം.
നിര്‍ത്തിയിട്ട വാഹനത്തില്‍ ചേര്‍ത്തുനിര്‍ത്തിയും പിന്നെ അതിനുള്ളിലേക്ക് തല കടത്തിയിട്ടും മനഃസാക്ഷി മരവിച്ച മട്ടിലുള്ള മര്‍ദനം. പട്ടാപ്പകല്‍ പൊതുസ്ഥലത്ത് നടന്ന കിരാത നടപടി കണ്ടുനിന്നവരാരും പക്ഷെ ഭയന്നിട്ട് ഇടപെട്ടില്ല.
ആരോ വിവരമറിയിച്ച് പൊലീസ് സ്ഥലത്ത്. അക്രമിസംഘത്തിലെ രണ്ടുപേരെ പിടികൂടി പൊലീസ് ജീപ്പില്‍ കയറ്റി, നാട്ടുകാരോട് വിവരം തിരക്കുമ്പോഴേക്ക് സംഘത്തിലെ പ്രധാനിയെത്തി.
ഉദ്യോഗസ്ഥര്‍ക്കു പിന്നെ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. പൊലീസ് ജീപ്പില്‍ ഉണ്ടായിരുന്ന കൂട്ടുപ്രതികളെ വിളിച്ചിറക്കി, ആകെയുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ അക്രമിസംഘം സ്ഥലത്ത് നിന്ന് കടന്നു.
യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തി പിറവത്ത് ഹര്‍ത്താലും പ്രഖ്യാപിച്ചതിന് പിന്നാലെ ഉച്ചയോടെ പ്രതികള്‍ പൊലീസിന് മുന്നിലെത്തി. അറസ്റ്റ് രേഖപ്പെടുത്തി, എന്നാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ആശുപത്രിയില്‍ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഈ മട്ടില്‍ അതിക്രമം കാട്ടിയ പ്രതികള്‍ പക്ഷെ ജാമ്യം നല്‍കി ഇറക്കിവിടാവുന്ന കുറ്റങ്ങളേ ചെയ്തിട്ടുള്ളൂ എന്നാണ് പൊലീസ് ഭാഷ്യം. ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തി പ്രതികളെ കസ്റ്റഡിയില്‍ നിന്ന് ഇറക്കികൊണ്ടുപോയത് പോലും പ്രശ്നമായില്ല.
പൊലീസ് നടപടിക്കെതിരെ ഒന്ന് ശബ്ദമുയര്‍ത്തിയാല്‍ പോലും ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ജാമ്യമില്ലാത്ത വകുപ്പില്‍ കേസെടുത്ത് അകത്താക്കുന്ന കൂട്ടരില്‍ നിന്നാണ് ഈ അത്യപൂര്‍വ ജനമൈത്രി എന്നതാണ് ശ്രദ്ധേയം. പ്രതികള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ ആണെന്ന് മനസിലാക്കി തന്നെയാണ് എറണാകുളം റൂറല്‍ പോലീസിന്റെ നീക്കമെന്ന് അനുമാനിക്കാം.

pathram:
Related Post
Leave a Comment