ശബരിമല: ബിജെപിയില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു

തിരുവനന്തപുരം: ബിജെപിയില്‍ വീണ്ടും ഗ്രൂപ്പ് പോര് ശക്തമാകുന്നു. ശബരിമല സമരത്തിന്റെ പേരിലാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളവര്‍ രണ്ടു തട്ടില്‍ നില്‍ക്കുന്നത്. നേരത്തെ മെഡിക്കല്‍ കോഴയാരോപണത്തിന് ശേഷം ശമനമുണ്ടായ ബിജെപിയിലെ ഗ്രൂപ് പോരാണ് വീണ്ടും സജീവമാകുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പൊലീസ് തടഞ്ഞതും സംസ്ഥാന സെക്രട്ടറി പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ ആയുധമാക്കാനുള്ള നീക്കത്തിലാണ് മുരളീധര പക്ഷം. ഇരു സംഭവങ്ങളിലും ബിജെപിയുടെ പ്രതിരോധം ദുര്‍ബലമായിരുന്നെന്ന് ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിനു പരാതി നല്‍കും. കെ.സുരേന്ദ്രനെതിരെ ഒന്നിനു പുറകെ ഒന്നായി കേസുകള്‍ സര്‍ക്കാര്‍ കൊണ്ടു വരുന്നതിനു പിന്നിലും നേതൃത്വത്തിന്റെ അയഞ്ഞ നിലപാടു കാരണമെന്നാണു മുരളീധര പക്ഷത്തിന്റെ ആരോപണം.
പാര്‍ട്ടിക്കും ആര്‍എസ്എസിനും താല്‍പര്യമില്ലാതിരുന്നിട്ടും തുലാമാസ പൂജയിലും ചിത്തിര ആട്ട വിളക്ക് മഹോല്‍സവത്തിലും പ്രതിരോധത്തിന്റെ മുന്‍നിരയിലേക്ക് കെ. സുരേന്ദ്രന്‍ സ്വയം എത്തുകയായിരുന്നു. ശബരിമലയിലെത്തിയ കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ചു തന്നെ പൊലീസ് അറസ്റ്റു ചെയ്യുകയും നിരവധി കേസുകളില്‍പ്പെടുത്തി ജയിലില്‍നിന്നു പുറത്തിറങ്ങാനാകാത്തവിധം പൂട്ടുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയുടെ മുന്‍നിര നേതാവ് അകത്തായിട്ടും പ്രസിഡന്റ് ഉള്‍പ്പെടെ ആരും തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമല്ല, ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പോലും നേതൃത്വത്തിനായില്ലെന്നാണ് മുരളീധരപക്ഷത്തെ പരാതി.
കോഴ ആരോപണ വിഷയത്തില്‍ പരകോടിയിലെത്തിയ ഗ്രൂപ് പോര് ശമിപ്പിക്കാനാണ് ശ്രീധരന്‍പിള്ളയെ അമരത്തേക്കു കൊണ്ടുവന്നതെങ്കിലും പ്രസിഡന്റ് ഒരു വിഭാഗത്തിന്റെ മാത്രം താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നെന്ന ആരോപണമുയര്‍ത്തിയാണ് മുരളീധര പക്ഷം രംഗത്തെത്തിയത്. പാര്‍ട്ടിയുടെ ദുര്‍ബല പ്രതിരോധമാണ് കടുത്ത നിലപാടുകളിലേക്കു പോകാന്‍ സര്‍ക്കാരിനു പ്രേരണയാകുന്നതെന്നാണ് ഇവരുടെ പക്ഷം. മാത്രമല്ല കേന്ദ്രമന്ത്രിക്കെതിരെ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരിഹാസരൂപേണ പെരുമാറിയിട്ടും നേതൃത്വത്തിന്റെ പ്രതിഷേധം പ്രസ്താവനയില്‍ മാത്രമൊതുക്കിയെന്നും മുരളിധരപക്ഷം കുറ്റപ്പെടുത്തുന്നു. പരാതി വി. മുരളീധരന്‍ നേരിട്ടു ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നാണു സൂചന.

pathram:
Leave a Comment