സന്നിധാനം: ശബരിമല സന്നിധാനത്തെ വലിയ നടപന്തലില്‍ അപ്രതീക്ഷിത പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുന്നു. സംഘര്‍ഷഭരിതമായ അവസ്ഥയാണ് സന്നിധാനത്ത് നിലനില്‍ക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തോടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിരിവയ്ക്കാനുള്ള സൗകര്യമില്ലെന്നും പൊലീസിന്റെ നടപടികള്‍ ബുദ്ധിമുട്ടാകുന്നുവെന്നതും ആണ് പ്രതിഷേധിക്കാന്‍ കാരണമായി പറയുന്നത്. വലിയ നടപ്പന്തലില്‍ കുത്തിയിരുന്ന് നാമജപം നടത്തിയാണ് നൂറോളം ഭക്തര്‍ പ്രതിഷേധിക്കുന്നത്. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് സന്നിധാനത്ത് തങ്ങാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പോലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. പോലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. സംഘപരിവാര്‍ അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
നിരോധനാജ്ഞ നിലനില്‍നില്‍ക്കുന്ന സ്ഥലമാണെന്നും. നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതുവരെ പിന്‍മാറാന്‍ തയ്യാറായിട്ടില്ല.
അതേസമയം ഞങ്ങള്‍ പ്രതിഷേധം നടത്തുകയല്ല. തങ്ങള്‍ ഭക്തരാണെന്നും നട അടക്കുന്നത് വരെ നാമജപം നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത അവസ്ഥയാണ് ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഇതിന് പൂര്‍ണ പിന്തുണ ഉണ്ടെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. വ്യാപക പ്രതിഷേധമാണ് സര്‍ക്കാരിനെതിരേ ഉയരുന്നത്. നിരവധി നിയന്ത്രണങ്ങളാണ് ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
പകല്‍ മല കയറരുത്, രാത്രി കയറരുത്, വണ്ടി ഓടരുത്, വിരിവെക്കരുത്…. ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഓരോ ദിവസവും ഓരോന്നാണ്. ഓരോ ദിവസവും എന്താണ് പോലീസ് പറയുന്നതെന്ന് കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും. പോലീസിന്റെ നിയന്ത്രണങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ കഴിയാതെ ഇവര്‍ വലയുന്നു. ബോര്‍ഡ് പ്രസിഡന്റിന് പാര്‍ട്ടി നയത്തിന് വിരുദ്ധമായി പറയാനുള്ള പ്രയാസം. കെ.എസ്.ആര്‍.ടി.സി. ഡിപ്പോ അധികാരികള്‍ക്കുള്ള പ്രതിസന്ധി അവരുടെ എം.ഡി. പോലീസ് മേധാവി കൂടിയാണെന്നതാണ്. ഇരുവരും ഭക്തരുടെ രോഷത്തിന് ഇരയാവുകയാണ്.
പകല്‍ മലകയറാനുള്ള നിയന്ത്രണമാണ് ശബരിമലയില്‍ ഞായറാഴ്ച വന്നത്. രാവിലെ 11.30 മുതല്‍ ഒരു മണി വരെ മല കയറാന്‍ വിലക്ക് വന്നു. രാത്രി 9.30 മുതല്‍ പുലര്‍ച്ചേ രണ്ട് വരെ നിലവിലുള്ള വിലക്കിന് പുറമേയാണിത്. ബസോട്ടത്തിന് കഴിഞ്ഞ ദിവസം മുതല്‍ രാത്രി വിലക്ക് വന്നിരുന്നു. രാത്രി 9.30 മുതല്‍ 12 വരെയുള്ള സമയത്ത് പമ്പാനിലയ്കല്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓട്ടമില്ല. ഞായറാഴ്ച പകല്‍ 10 മുതല്‍ 12 വരെയും വിലക്ക് ഏര്‍പ്പെടുത്തി. ഇത് തുടരാനാണ് തീരുമാനവും. പോലീസ് പറയുന്ന പ്രകാരം വണ്ടികള്‍ ഓടിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
സന്നിധാനത്ത് രാത്രി വിരിവെക്കാനും പ്രസാദം വാങ്ങാനുമുള്ള വിലക്ക് കഴിഞ്ഞ ദിവസം ഇളവ് ചെയ്തു. നടപ്പന്തലിലും തിരുമുറ്റത്തും വിരി അനുവദിക്കുന്നില്ലങ്കിലും അവിടെ നിന്ന് മാറി വിരി അനുവദിക്കുന്നു.രാത്രി കടകള്‍ അടയ്ക്കണമെന്ന വിലക്കും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ ദര്‍ശനം, നെയ്യഭിഷേകം എന്നിവ കഴിയുന്നവര്‍ ഉടന്‍ സ്ഥലം വിടണമെന്നാണ് പോലീസ് നിര്‍ദ്ദേശം.
പോലീസ് ലാത്തിയുമായി തന്നെയാണ് അയ്യപ്പന്‍മാരെ നീക്കുന്നത്. മറ്റുള്ള ഇടത്തെന്നപോലെ പെരുമാറിയാല്‍ മതിയെന്ന് പോലീസിന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം കിട്ടിയിരുന്നു. സുരക്ഷാ ഭീഷണിയാണ് വിലക്കുകള്‍ക്ക് കാരണമെന്നാണ് ഡി.ജി.പി. പറഞ്ഞത്. പ്രശ്‌നക്കാര്‍ നുഴഞ്ഞു കയറുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പോലും നിലയ്കല്‍ പമ്പാ റൂട്ടില്‍ വിടുന്നില്ല. പാസ് എടുത്ത വണ്ടികള്‍ മാത്രമേ പാര്‍ക്കിങ് അനുവദിക്കൂ. മടക്കയാത്രയ്ക്ക് അടക്കമുള്ള ടിക്കറ്റ് നിലയ്കല്‍ കൗണ്ടറില്‍ നിന്ന് എടുക്കാനും പൂര്‍ണ വിവരങ്ങള്‍ നല്‍കണം.
Leave a Comment