സ്‌കൂളില്‍ പഠിക്കുമ്പോള്‍ പൊതിച്ചോറില്‍ ചോറ് കൊണ്ടുവന്ന് കഴിക്കുന്ന രീതി അവസാനിക്കുന്നു. ഇനി മുതല്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് ചോറും ചമ്മന്തിയും സ്‌കൂളിലേക്ക് കൊണ്ടുപോയകാലം മറയുന്നു. ഇനിമുതല്‍ സ്‌കൂളില്‍ ഭക്ഷണപ്പൊതികള്‍ കൊണ്ടുവരാന്‍ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പകരം സ്റ്റീല്‍ ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം.
സ്‌കൂളിലെ പൊതുവേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ചില സ്‌കൂളുകള്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശങ്ങള്‍.
സ്‌കൂളുകളില്‍ നടക്കുന്ന യോഗങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കാരി ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍ എന്നിവ ഉപയോഗിക്കരുത്. പകരം സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബൊക്കെ, പ്ലാസ്റ്റിക്/ഫ്‌ളെക്‌സ് ഉപയോഗിച്ചുള്ള ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം.
സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. സ്‌കൂള്‍ വളപ്പില്‍ പ്ലാസ്റ്റിക് കാരി ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുവരരുത്. ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം. സ്‌കൂളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം വേണം. ശുചിമുറികളില്‍ ജലലഭ്യത ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.
Leave a Comment